India - 2024

പാവങ്ങളുടെ ദിനത്തില്‍ കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കടപ്ര ഗ്രാമം

സ്വന്തം ലേഖകന്‍ 21-11-2017 - Tuesday

മാന്നാര്‍: ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രഥമ ലോകദിനാചരണത്തില്‍ കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കടപ്ര ഗ്രാമം. 'പണമില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ട രോഗികള്‍ മരിക്കരുതെന്ന ' മുദ്രാവാക്യം സ്വീകരിച്ച് ചങ്ങനാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ടീമും കടപ്ര ഗ്രാമപഞ്ചായത്തും പാവങ്ങളുടെ ദിനത്തില്‍ ജിന്‍സ് കെ. ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്താന്‍ നേരിട്ടു ഇറങ്ങുകയായിരിന്നു.

15 ലക്ഷം രൂപയായിരുന്നു ലക്ഷ്യം. എന്നാല്‍ കേവലം 5 മണിക്കൂര്‍ കൊണ്ട് സ്വരൂപിച്ചത് 31 ലക്ഷം രൂപയാണ്. പ്രതിഫലം പറ്റാതെയുള്ള പ്രത്യാശ ടീമിന്റെ പ്രവര്‍ത്തനത്തെ 'അഞ്ചു മണിക്കൂറിന്റെ അത്ഭുതം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനങ്ങളുടെ നിര്‍ലോഭമായ സഹകരണത്തില്‍ ഇരട്ടിയിലേറെ തുക പരിഞ്ഞുകിട്ടിയെന്നു പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രഥമ ലോക ദിനാചരണത്തില്‍ സംഭവിച്ച അത്ഭുതമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്ര പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി 60 സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് രണ്ടായിരത്തോളം മനുഷ്യസ്‌നേഹികള്‍ ജിന്‍സിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മത രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ വീടുകള്‍ കയറിയിറങ്ങിയത്. പ്രത്യാശ ടീം ഇതിനോടകം 90 പഞ്ചായത്തുകളിലായി 116 വൃക്ക, കരള്‍, ഹൃദ് രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 20 കോടിയോളം രൂപ സമാഹരിച്ചു നല്‍കിയിട്ടുണ്ട്.


Related Articles »