India - 2024
സൗരോര്‍ജ്ജത്തില്‍ പ്രകാശിക്കാന്‍ പുതുശ്ശേരി സെന്‍റ് മേരീസ് ദേവാലയം
സ്വന്തം ലേഖകന്‍ 21-11-2017 - Tuesday
മാനന്തവാടി: രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഇന്ന് കൂദാശ ചെയ്യുന്ന പുതുശ്ശേരി സെന്‍റ് മേരീസ് ഇടവക ദേവാലയം മനോഹാരിത കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമാവുകയാണ്. ദേവാലയവും പള്ളിമുറിയും പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ത്തന്നെ പൂര്‍ണ്ണമായും സൗരോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇടവകയായിരിക്കും പുതുശ്ശേരിയെന്നു മാനന്തവാടി രൂപതയുടെ പോര്‍ട്ടലില്‍ പറയുന്നു.
ഊര്‍ജ്ജാവശ്യങ്ങള്‍ക്കാവശ്യമായത്ര സോളാര്‍ പാനലുകളും മറ്റുസംവിധാനങ്ങളും സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. വയനാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമമായ പുതുശ്ശേരിയിലെ സുന്ദരമായ ദേവാലയവും സോളാര്‍ സംവിധാനവും കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. ദേവാലത്തിന്റെ പത്തുകിലോമീറ്റർ പരിധിയിൽ മാനന്തവാടി രൂപതയുടെ പന്ത്രണ്ട് ഇടവകകളും രണ്ട് കോട്ടയം രൂപതാ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.