India

പ്രേഷിത പ്രവര്‍ത്തനരംഗത്തെ മുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ച രൂപതയാണു പാലായെന്നു കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാബാവ

സ്വന്തം ലേഖകന്‍ 22-11-2017 - Wednesday

പാലാ: സഭയുടെ പ്രേഷിത പ്രവര്‍ത്തനരംഗത്തെ മുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ച രൂപതയാണു പാലായെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാ രൂപതയിലെ പാസ്റ്ററല്‍പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി ആഘോഷവും മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 31ാമത് ചരമവാര്‍ഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മാ അനുഭവത്തിലൂടെയാണ് സഭയുടെ വളര്‍ച്ചയെന്ന് എടുത്തുകാണിക്കുന്നതാണ് പാലാ രൂപതയിലെ രണ്ടു സുപ്രധാന സമിതികളായ പ്രസ്ബിറ്ററല്‍ കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

മഹത്തായ കുടുംബങ്ങളും പ്രേഷിതചൈതന്യമുള്ള വൈദികരും സന്യാസിനീസന്യാസികളുമുള്ള പാലാ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. മതമേലധ്യക്ഷന്മാരും പുരോഹിതരും സന്യാസിനീസന്യാസികളും അല്മായരും ഒറ്റക്കെട്ടായി നില്‍ക്കുന്നതിനു പ്രസ്ബിറ്ററല്‍, പാസ്റ്ററല്‍ കൗണ്‍സിലുകള്‍ സഹായിക്കും. ഉത്തമമായ ക്രിസ്തീയ വിശ്വാസമുള്ള കുടുംബങ്ങളാണ് പാലാ രൂപതയുടെ അടിസ്ഥാന ബലമെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.

രൂപതയുടെ പ്രഥമ മെത്രാന്‍ ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ജനഹൃദയങ്ങളില്‍ എന്നെന്നും ഇരിപ്പിടം നേടിയ ആത്മീയ ആചാര്യനാണെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഹൃദയഭാഷയിലാണു വയലില്‍ പിതാവ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. ഭാരതം മുഴുവന്‍ പ്രേഷിത പ്രവര്‍ത്തനത്തിനൊരുങ്ങാനുള്ള സമയമായിട്ടുണ്ടെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.

പാലാ കത്തീഡ്രല്‍ പാരീഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, സഭാതാരം ജോണ്‍ കച്ചിറമറ്റം, പ്രഫ. ഫിലോമിന ജോസ്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »