India - 2024

ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഓര്‍മ്മയില്‍ മാന്നാനം

സ്വന്തം ലേഖകന്‍ 24-11-2017 - Friday

മാന്നാനം: ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷം ഇന്നലെ മാന്നാനത്തു നടന്നു. മാന്നാനം സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തപ്പെട്ടു. കെ.ഇ.സ്‌കൂള്‍ അങ്കണത്തില്‍നിന്ന് 10നു പുറപ്പെട്ട പദയാത്ര മാന്നാനം പള്ളിയില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ദിവ്യബലി ആരംഭിച്ചത്.

തിരുക്കര്‍മങ്ങളില്‍ ജനറല്‍ കൗണ്‍സിലര്‍മാരായ ഫാ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, ഫാ. ആന്റണി ഇളംതോട്ടം സിഎംഐ, ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപന്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, വിവിധ സ്‌കൂള്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വൈദികര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമുള്ള കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.


Related Articles »