India - 2024

സഭയ്ക്കെതിരെയുള്ള ആക്ഷേപങ്ങളില്‍ തളരാതെ മുന്നോട്ടുപോകും: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 26-11-2017 - Sunday

തൃശൂര്‍: കത്തോലിക്കാ സഭയെ ആക്ഷേപിക്കുന്നവരുടെ വെല്ലുവിളികളില്‍ തളരാതെ സേവനങ്ങളുമായി മുന്നോട്ടുപോകുമെന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായി നടത്തുന്ന ആദ്യ മേഖലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നതു മറ്റുള്ളവര്‍ക്ക് അറിവും സൗഖ്യവും നല്‍കൂ എന്ന യേശുവിന്റെ സന്ദേശം നടപ്പാക്കാനാണെന്നും എല്ലാ മേഖലയിലും ക്രൈസ്തവരുടെ സാന്നിധ്യം കുറഞ്ഞുവരുന്നത് അപകടമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സഭയുടെ 400 ആശുപത്രികളില്‍ മൂന്നൂറോളവും ആശുപത്രികളെയും ക്ലിനിക്കുകളെയും നിയന്ത്രിക്കുന്ന നിയമം വരുന്നതോടെ അടച്ചുപൂട്ടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ ജുവനൈല്‍ നിയമംമൂലം അനേകം അനാഥാലയങ്ങള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കാരുണ്യത്തിന്റെ തലത്തില്‍നിന്നു കോര്‍പറേറ്റ് തലങ്ങളിലേക്ക് ഓരോ സ്ഥാപനവും മാറേണ്ടിവരുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളില്‍പ്പെടുന്ന തൃശൂര്‍ അതിരൂപത, രൂപതകളായ പാലക്കാട്, ഇരിങ്ങാലക്കുട, സുല്‍ത്താന്‍പേട്ട്, കോട്ടപ്പുറം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളാണു പഠനശിബിരത്തില്‍ പങ്കെടുത്തത്. 'സാക്ഷ്യവും ജാഗ്രതയും' എന്ന പേരില്‍ നടത്തിയ പഠനശിബിരത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിഷയാവതരണം നടത്തി.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, നിയുക്ത ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് ചിറ്റിലപ്പിള്ളി, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.


Related Articles »