India - 2024

ഇരിങ്ങാലക്കുട രൂപതാംഗം ബെനീറ്റ പീറ്റര്‍ ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭ

സ്വന്തം ലേഖകന്‍ 27-11-2017 - Monday

കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിങ്ങാലക്കുട രൂപതാംഗം ബെനീറ്റ പീറ്റര്‍ ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭയ്ക്ക് വിശുദ്ധനാടു സന്ദര്‍ശനവും പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡുമാണു സമ്മാനം. എറണാകുളം അങ്കമാലി അതിരൂപതാംഗമായ പിഒസി സുവര്‍ണജൂബിലിയുടെ പ്രത്യേക അവാര്‍ഡ് ലിസി ജെയിംസ് സ്വന്തമാക്കി. ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.

സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണു ബെനീറ്റ. ഇ വിഭാഗത്തിലാണു ലിസി ജയിംസ് ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലും പുറത്തുമുള്ള 37 രൂപതകളില്‍നിന്നായി 5.20 ലക്ഷം പേരാണ് ഇക്കുറി ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്. ലോഗോസ് ഫാമിലി ക്വിസ് ഫൈനലില്‍ പാലാ രൂപതയിലെ ജോസഫ് കല്ലറയ്ക്കലും കുടുംബവും ഒന്നാം സ്ഥാനത്തെത്തി. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യുവിന്റെ കുടുംബം രണ്ടാം സ്ഥാനത്തിനും ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കലിന്റെ കുടുംബം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

എ വിഭാഗത്തില്‍ കോട്ടപ്പുറം രൂപതാംഗം റോസ് മേരിയും ബി വിഭാഗത്തില്‍ തലശേരി രൂപതാംഗം അല്‍ഫോന്‍സ് റോസും ഡി വിഭാഗത്തില്‍ കോതമംഗലം രൂപതാംഗം റോസ് മേരിയും എഫ് വിഭാഗത്തില്‍ പാല രൂപതാംഗം മേരി പോളും ജേതാക്കളായി. കേരളത്തിനു പുറത്തുനിന്നുള്ളവരില്‍ ഡോ. സിന്ധു പോള്‍ ഒന്നാംസ്ഥാനത്തെത്തി. സമാപന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം എറണാകുളംഅങ്കമാലി അതിരൂപതയിലെ ഫാ. ജസ്റ്റിന്‍ കൈപ്രന്പാടനു ചടങ്ങില്‍ സമ്മാനിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോണ്‍സണ്‍ പുതുശേരി, ജോയി പാലയ്ക്കല്‍, മാത്യു കണ്ടിരിക്കല്‍, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജിസ്‌മോന്‍ തുടിയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »