India - 2024

മെത്രാഭിഷേക രജതജൂബിലി നിറവില്‍ മാര്‍ ജേക്കബ് മനത്തോടത്ത്

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

പാലക്കാട്: പാലക്കാട് രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ഇന്ന് ആഘോഷിക്കുന്നു. ലളിതമായ രീതിയിലാണ് ആഘോഷം. മുണ്ടൂര്‍ യുവക്ഷേത്ര കോളജ് ചാപ്പലില്‍ രൂപതയിലെ വൈദികര്‍ക്കൊപ്പം ജൂബിലേറിയന്‍ കൃതജ്ഞതാ സമൂഹബലിയര്‍പ്പിക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ- രജത ജൂബിലി നിറവിലായിരിക്കുന്ന ഫാ.ജോസ് പി.ചിറ്റിലപ്പിള്ളി, ഫാ. ഷാജു അങ്ങേവീട്ടില്‍, ഫാ. ഗില്‍ബര്‍ട്ട് എട്ടൊന്നില്‍, ഫാ.റെജി മാത്യു പെരുമ്പിള്ളില്‍ എന്നീ ജൂബിലേറിയന്‍മാരും മുഖ്യസഹകാര്‍മികരായി ബലിയര്‍പ്പണത്തില്‍ പങ്കുചേരും.

1992 നവംബര്‍ 11-നാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ജേക്കബ് മനത്തോടത്തിനെ പരിശുദ്ധ സിംഹാസനം നിയമിക്കുന്നത്. നവംബര്‍ 28-ന് അഭിഷിക്തനായി ചുമതലയേറ്റെടുത്തു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1996 നവംബര്‍ 11-നു പാലക്കാട് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്റെ പിന്‍ഗാമിയായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിക്കുകയായിരിന്നു. 1997 ഫെബ്രുവരി ഒന്നിന് പാലക്കാട് രൂപതാധ്യക്ഷനായി ബിഷപ് മനത്തോടത്ത് സ്ഥാനാരോഹണം ചെയ്തു.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോടംതുരുത്ത് മനത്തോടത്ത് കുര്യന്റെയും കത്രീനയുടെയും ഏഴ് മക്കളില്‍ മൂത്തമകനായി 1947 ഫെബ്രുവരി 22നാണ് അദ്ദേഹം ജനിച്ചത്. തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂനെ പേപ്പല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചുകൊണ്ട് 1972 നവംബര്‍ നാലിന് പൗരോഹിത്യം സ്വീകരിച്ചു. തിരുപട്ടം സ്വീകരിച്ചു 20വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ന് നവീകരണ രംഗത്ത് പുത്തന്‍ ചലനങ്ങളുണ്ടാക്കുന്ന അട്ടപ്പാടി സെഹിയോന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ ആത്മീയ നേതൃത്വത്തിലാണ് മുന്നേറുന്നത്.


Related Articles »