India - 2024

കുടിയേറ്റ ജനതയുടെ പ്രിയപിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി മ്യൂസിയം

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

തലശ്ശേരി: കുടിയേറ്റ ജനതയുടെ പ്രിയപിതാവ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മ്യൂസിയം വിപുലീകരണത്തിന് ശേഷം ജനങ്ങള്‍ക്ക് വീണ്ടും തുറന്ന്‍ കൊടുത്തു. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ വള്ളോപ്പിള്ളിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ മുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയമാണ് ഇപ്പോള്‍ വിപുലീകരിച്ചിട്ടുള്ളത്.

മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നിടത്ത് പിതാവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ വള്ളോപ്പിള്ളിയുടെ മുടിയും (തൊപ്പി) അംശവടിയും തിരുവസ്ത്രങ്ങളും മോതിരവും കട്ടിലും ഹാര്‍മോണിയവും കസേരയും മേശയും അലമാരയുമെല്ലാം മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ലിഗിനേഷ് മൊകേരിയും പ്രതിമകള്‍ പ്രജീഷ് കക്കട്ടിലും റിലീഫ് ജോലികള്‍ പോള്‍സ് കരുക്കുട്ടിയുമാണു പൂര്‍ത്തിയാക്കിയത്.

മാര്‍ വള്ളോപ്പിള്ളി കടന്നുവന്ന വഴികള്‍ ചിത്രീകരിക്കുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രദര്‍ശനവും ആറു മിനിറ്റുള്ള ഗാനവും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Related Articles »