News - 2024

തടവറയിലും ദൈവത്തെ വാഴ്ത്തി: ബ്രിട്ടീഷ്‌ മിഷ്ണറിയെ നൈജീരിയായില്‍ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

അബൂജ: തടവറയില്‍ ദൈവകൃപയെ മഹത്വപ്പെടുത്തി സ്തോതഗ്രീതം ആലപിച്ച ബ്രിട്ടീഷ്‌ മിഷ്ണറി നൈജീരിയായില്‍ വെടിയേറ്റ്‌ മരിച്ചു. ‘അമേസിംഗ് ഗ്രേസ്‌’ എന്ന ദൈവസ്തുതി ഗിത്താറില്‍ വായിച്ച് തനിക്കൊപ്പമുള്ള ബന്ധികളെ ആവേശഭരിതരാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് ഇയാന്‍ സ്ക്വിരെ എന്ന ബ്രിട്ടീഷ് മിഷ്ണറി വെടിയേറ്റ്‌ മരിച്ചത്. ഡെല്‍റ്റാ സംസ്ഥാനത്തിലെ പിന്നോക്ക മേഖലകളില്‍ വൈദ്യസംബന്ധമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി അനേകരുടെ കണ്ണീരൊപ്പുകയായിരിന്നു ഇയാനും സംഘവും. ഇതിനിടെയാണ് മോചനദ്രവ്യത്തിനു വേണ്ടി ഇവരെ ആക്രമികളുടെ സംഘം തട്ടിക്കൊണ്ട് പോയത്‌.

ഡേവിഡ്‌ ഡൊണോവന്‍, ഷേര്‍ളി ഡൊണോവന്‍, അലന്ന കാര്‍സണ്‍ എന്നിവരാണ് തട്ടിക്കൊണ്ട് പോകലിനു ഇരയായ മറ്റുള്ളവര്‍. ഇയാന്‍ സ്ക്വിരെയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ സഹതടവുകാര്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്‌. തട്ടിക്കൊണ്ട് പോയവര്‍ ഇയാന് അദ്ദേഹത്തിന്റെ ഗിത്താര്‍ തിരിച്ചു നല്‍കിയപ്പോള്‍ തങ്ങള്‍ക്കായി അദ്ദേഹം ‘അമേസിംഗ് ഗ്രേസ്‌’ എന്ന ഗാനം ആലപിക്കുകയായിരിന്നുവെന്ന് ‘ഡെയിലി ഗ്രാഫി’നു നല്‍കിയ അഭിമുഖത്തില്‍ തടവില്‍ നിന്നും മോചിതനായ ഡേവിഡ്‌ ഡൊണോവന്‍ വെളിപ്പെടുത്തി.

അക്രമികള്‍ തങ്ങളെ മുളകൊണ്ടുണ്ടാക്കിയ ഒരു കുടിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.വളരെ മനോഹരമായിട്ടായിരുന്നു ഇയാന്‍ ആ ഗാനം ഗിത്താറില്‍ വായിച്ചത്. ഗാനം തീര്‍ന്ന ഉടന്‍ തന്നെ അദ്ദേഹം വെടിയേറ്റ്‌ വീഴുകയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്ന് പോലും അക്രമികള്‍ വ്യക്തമാക്കിയില്ല. ഭയചകിതരായ തങ്ങള്‍ കുടിലില്‍ നിന്നും പുറത്തുള്ള വെള്ളത്തിലേക്കെടുത്തു ചാടിയെങ്കിലും അക്രമികള്‍ വീണ്ടും പിടികൂടി. ആ ദിവസം മുഴുവനും ഇയാന്റെ മൃതദേഹത്തിനൊപ്പം ആ കുടിലില്‍ തങ്ങള്‍ക്ക് കഴിയേണ്ടി വന്നുവെന്നും ഡൊണോവന്‍ പറഞ്ഞു.

പിന്നീടാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്. ജീവിതത്തിലെ ആ ഭീകരനിമിഷങ്ങളില്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസമാണ് തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുവാനുള്ള ധൈര്യം നല്‍കിയതെന്ന് ഡൊണോവന്‍ ദമ്പതിമാര്‍ പറയുന്നു. നൈജീരിയയിലെ ഡെല്‍റ്റാ സംസ്ഥാനത്തുനിന്നും ഒക്ടോബര്‍ 13-നാണ് ബ്രിട്ടീഷ് ക്രിസ്ത്യന്‍ മിഷ്ണറിമാരെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയത്‌.


Related Articles »