India - 2024

സഭയെ സഹായിക്കാന്‍ തയാറുള്ള യുവജനങ്ങള്‍ കാലത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

കൊച്ചി: സഭാസംവിധാനങ്ങളെ സഹായിക്കാന്‍ തയാറുള്ള യുവജനങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ യുവജന ഡയറക്ടേഴ്‌സ് സമ്മേളനം 'കര്‍മ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എംവൈഎം സഭയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിക്കുന്ന വേദിയാകണമെന്നും ഇടവക, ഫൊറോന, രൂപത,റീജണല്‍, സഭാ തലങ്ങളില്‍ യുവജന സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.

സഭയുടെ യുവജനപ്രവര്‍ത്തന മേഖലകളില്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ പോര. സഭയില്‍ നിന്ന് അകലുന്ന യുവജനങ്ങളുടെ ശബ്ദംകൂടി കേള്‍ക്കാനും അവരെക്കൂടി സഭയോടു ചേര്‍ത്തുനിര്‍ത്താനും കഴിയണം. യുവജനങ്ങളെക്കുറിച്ച് ആഗോള കത്തോലിക്കാ സഭ കാര്യമായി ചിന്തിക്കുന്ന അവസരമാണിത്. ഓരോ രൂപതയിലും എല്ലാ വിഭാഗത്തിലുംപെട്ട യുവജനങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങള്‍ നടത്തണം. വിവിധ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചും വിവിധ മതസമുദായങ്ങളെ പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

സീറോമലബാര്‍ യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വിശാലമാകണമെന്ന് അദ്ദേഹം പറഞ്ഞു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. 26 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. പ്രയോഗിക തലത്തില്‍ യുവജനശുശ്രൂഷകളെ ബലപ്പെടുത്താന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപതകളെ അഞ്ചു റീജണുകളായി തിരിച്ചു. എസ്എംവൈഎം പ്രവര്‍ത്തനങ്ങള്‍ അതിരൂപതാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാനും ധാരണയായി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് ആലഞ്ചേരില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ അഖില, പ്രസിഡന്റ് അരുണ്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ഡ്‌സന്‍, ടെല്‍മ ജോബി എന്നിവര്‍ നേതൃത്വം നല്കി.


Related Articles »