India - 2024

സമുദായ ശക്തി വിളിച്ചോതി കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമവും ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും

സ്വന്തം ലേഖകന്‍ 10-12-2017 - Sunday

കൊച്ചി: സമുദായ ശക്തി വിളിച്ചോതി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃസംഗമവും ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്ലോബല്‍ സമിതിക്കു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയുടെ ഈ കൂട്ടായ്മക്കു കൂടുതല്‍ ആവേശം പകരുന്നതാണു പതിറ്റാണ്ടുകളുടെ പൈതൃകമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനങ്ങളോടു ചേര്‍ന്ന് അല്‍മായരോടുള്ള സഭയുടെ തുറവിയും ആഭിമുഖ്യവും വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. അല്മായ ശാക്തീകരണത്തിന്റെ നന്മകള്‍ സഭയിലും സമൂഹത്തിലും സാക്ഷ്യമാകുന്ന തരത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും ശാക്തീകരണവും അല്മായ മുന്നേറ്റവും ലക്ഷ്യമിടുന്ന വിവിധ കര്‍മപദ്ധതികള്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റെടുത്തു നടപ്പാക്കുമെന്നു പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് കര്‍മപദ്ധതി ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേലിനു നല്‍കി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്തു.

മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സന്ദേശം ഡയറക്ടര്‍ ഫാ. ജിയോ കടവി വായിച്ചു. ഭാരവാഹികള്‍ക്കും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി കാര്‍ഡും വിതരണം ചെയ്തു.

കുരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, മുന്‍ പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുന്‍ പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കല്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് മോണ്‍സണ്‍ കെ. മാത്യു, ഷെവ. ഡോ. മോഹന്‍ തോമസ്, ജോസഫ് മാത്യു പാറേക്കാട്ട്, പി.ടി. ചാക്കോ, മോഹന്‍ ഐസക്ക്, ഫ്രാന്‍സിസ് മൂലന്‍, ഗ്ലോബല്‍ സമിതി ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ തുടങ്ങീ നിരവധി പേര്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.


Related Articles »