India - 2024

ദളിത് ക്രൈസ്തവസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ബിഷപ്പ് തോമസ് ഉമ്മൻ

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ ദളിത് ക്രൈസ്തവസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ. തൊഴിലും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സംവരണ സംരക്ഷണ റാലി സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മാറി, സഭ മാറി എന്നീ കാരണങ്ങൾ പറഞ്ഞ് ഈ വിഭാഗത്തെ അവഗണിക്കുന്നതു നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാരിൽ 27 ശതമാനം സംവരണമാണ് പിന്നാക്ക സമുദായത്തിനുള്ളത്. ഇത് എല്ലാ പിന്നാക്കക്കാർക്കുമായി ഒരുമിച്ചു നൽകുന്നതിനാൽ ദലിത് ക്രൈസ്തവർക്കു സംവരണ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നു സംഘാടകർ പറഞ്ഞു. സർക്കാരുകളിൽ നിന്നുള്ള അവഗണന പോലെ തന്നെ വിഷമിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണു സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങൾക്കുണ്ടാകുന്നതെന്നു കൗൺസിൽ രക്ഷാധികാരി ഫാ. ജോൺ അരീക്കൽ പറഞ്ഞു. ഫാ. ഷാജു സൈമൺ, ഡോ. സൈമൺ ജോൺ, ചെയർമാൻ എസ്.ജെ.സാംസൺ, ജനറൽ കൺവീനർ വി.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു.


Related Articles »