India - 2024

കണ്ണീരൊപ്പിക്കൊണ്ട് തലശ്ശേരി അതിരൂപത: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കും

സ്വന്തം ലേഖകന്‍ 15-12-2017 - Friday

തലശ്ശേരി: ഓഖി ദുരന്തത്തിന് ഇരയായവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. വിഴിഞ്ഞം, പൂന്തുറ തീരപ്രദേശങ്ങളിലെ 57 കുട്ടികളുടെ പ്രഫഷണല്‍ വിദ്യാഭ്യാസമാണ് അതിരൂപത ഏറ്റെടുക്കുക. എന്‍ജിനിയറിംഗ്, നഴ്‌സിംഗ്, എംബിഎ, ഐടിഐ, ഐടിസി തുടങ്ങിയ മേഖലകളില്‍ അതിരൂപത സൗജന്യ വിദ്യാഭ്യാസം നല്കുന്നത്. 2018 അധ്യയനവര്‍ഷം മുതലാണ് അഡ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ അതിരൂപതയെ പ്രതിനിധീകരിച്ച് യുവജന ഡയറക്ടര്‍ ഫാ. സോണി സ്‌കറിയ വടശേരിലും യുവജനപ്രവര്‍ത്തകരും വിഴിഞ്ഞം, പൂന്തുറ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു തിരുവനന്തപുരം ലത്തീന്‍ രൂപതാ സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ അദ്ദേഹം സംഘത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തി.

ഇക്കാര്യം തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ പ്രഫഷണല്‍ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ തലശേരി അതിരൂപത തീരുമാനിക്കുകയായിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അഭ്യര്‍ത്ഥിച്ചു. ജീസസ് യൂത്ത് പ്രവര്‍ത്തകരും അതിരൂപതയിലെ സംഘടനകളും പൂര്‍ണസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ചെമ്പേരി, വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ചെമ്പേരി, കനോസ കോളജ് ഓഫ് നഴ്‌സിംഗ് ചെറുകുന്ന്, ക്രിസ്തുരാജ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് തൊക്കിലങ്ങാടി, ഭഗവത്പാദ ഐടിസി പൈസക്കരി, ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അങ്ങാടിക്കടവ്, കോട്ടൂര്‍ ഐടിഐ ശ്രീകണ്ഠപുരം, ബിഷപ് കുര്യാളശേരി ജൂബിലി മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് തലശ്ശേരി എന്നീ സ്ഥാപനങ്ങളാണ് അതിരൂപതയുമായി കൈകോര്‍ക്കുന്നത്.


Related Articles »