India - 2024

മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതം ഡോക്യുമെന്ററി രൂപത്തില്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 20-12-2017 - Wednesday

ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതം ഡോക്യുമെന്ററിയാക്കുന്നു. അതിരൂപതയുടെ മാധ്യമ പഠനകേന്ദ്രമായ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസാണ് പ്രധാന പശ്ചാത്തലം. പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരസ്യചിത്ര സംവിധായകന്‍ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.

ശൈശവം, സ്‌കൂള്‍ വിദ്യാഭ്യാസകാലം, സെമിനാരിപഠനം, പൗരോഹിത്യ ജീവിതം, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍, ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷന്‍, കെസിബിസി ചെയര്‍മാന്‍, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളിലുള്ള മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിതവും സാമൂഹിക, സാംസ്‌കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരവും ആരാധനാക്രമപരവുമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്‍കിയ സംഭാവനകള്‍, ജീവകാരുണ്യപ്രവര്‍ത്തികള്‍, നിലപാടുകളോടുള്ള ദൃഢ സമീപനം തുടങ്ങിയവ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു.

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയമെത്രാപ്പോലീത്ത, മാര്‍ പവ്വത്തിലിന്റെ എസ്ബി കോളജിലെ ശിഷ്യനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ചിത്രീകരണത്തില്‍ പങ്കെടുത്തു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രീകരണം ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്നു സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി എത്തക്കാട്ട് പറഞ്ഞു.


Related Articles »