India - 2024

ന്യൂനപക്ഷങ്ങള്‍ക്കു നീതി ഉറപ്പാക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ

സ്വന്തം ലേഖകന്‍ 21-12-2017 - Thursday

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചുവരികയാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ. സത്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടുചര്‍ച്ച നടത്തിയശേഷം സിബിസിഐ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

മധ്യപ്രദേശിലെ സത്‌നയില്‍ നടന്ന അക്രമത്തില്‍ കടുത്ത വേദനയും ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി ഉടന്‍ എടുക്കുമെന്നു ഉറപ്പ് ലഭിച്ചതായും യുപിയിലെ അലിഗഡില്‍ ഉയര്‍ന്ന ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ യുപി മുഖ്യമന്ത്രിയെയും ടെലിഫോണില്‍ വിളിച്ച് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് വിശദീകരിച്ചു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ എന്നിവരും കര്‍ദിനാളിനോടൊപ്പം ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് കേരളത്തില്‍ നിന്നുള്ള എംപിമാരായ പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവരുമായി പി.ജെ. കുര്യന്റെ മുറിയിലെത്തി മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തി. നേരത്തെ, കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തിയിരിന്നു.


Related Articles »