India - 2024

ക്രിസ്തുമസില്‍ ദുരന്തബാധിതരോട് ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നു കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 24-12-2017 - Sunday

കൊച്ചി: ക്രിസ്തുമസ് ദിനങ്ങളില്‍ ദുരന്തബാധിതരെയും ലോകമെങ്ങുമുള്ള ദരിദ്രരെയും പ്രത്യേകമായി ഓര്‍മിക്കുകയും പ്രാര്‍ത്ഥിക്കുകയും പങ്കുവയ്ക്കല്‍കൊണ്ടു പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യാന്‍ ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നു കെസിബിസി. ക്രിസ്തുമസ് മനുഷ്യജീവിതത്തിന്റെ ഏതവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ പകരുന്നു. ദൈവകാരുണ്യത്തിനു ഹൃദയം തുറക്കുന്നവര്‍ക്കുള്ളതാണു സമാധാനം എന്നതാണു ക്രിസ്തുമസിന്റെ സന്ദേശം.

മനുഷ്യനില്‍ ദൈവത്തെ തേടാനുള്ള ആഹ്വാനമാണു ക്രിസ്തുമസ്. മനുഷ്യരിലും മറ്റെല്ലാ ജീവജാലങ്ങളിലും ദൈവിക അടയാളം കാണുന്നവരാണു യഥാര്‍ഥ ജ്ഞാനികള്‍. കാലിത്തൊഴുത്തോളം താണിറങ്ങുന്ന കാരുണ്യത്തിന്റെ പേരാണു ദൈവമെന്നും നിരാലംബരേ ആശ്വസിപ്പിക്കുവാന്‍ ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്ത ക്രിസ്മസ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.


Related Articles »