India - 2024

രക്ഷകന്റെ ജനനം ദുഃഖത്തിന്റെ മറവിലെങ്കിലും പ്രതീക്ഷയോടെ മുന്നേറാന്‍ അത് ശക്തിപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 24-12-2017 - Sunday

കൊച്ചി: രക്ഷകനായ യേശുവിന്റെ ജനനം ദുഃഖത്തിന്റെ മറവിലാണു സംഭവിക്കുന്നതെങ്കിലും എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാന്‍ ആ ജനനം ജനഹൃദയങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുമസ് സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രചോദനമാണു തിരുപ്പിറവി സമ്മാനിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ലോകത്തെവിടെയും ഉണ്ടാകുന്ന ദുഃഖസംഭവങ്ങള്‍ ഓരോ ക്രിസ്തുമസിലെയും സന്തോഷത്തെ കുറവുചെയ്യാറുണ്ട്. 2004 ഡിസംബറിലെ സുനാമി ആ വര്‍ഷത്തെ ക്രിസ്മസ്, നവവത്സര ആഘോഷങ്ങളെ ശോകാര്‍ദ്രമാക്കിയതു നമ്മുടെ ഓര്‍മയിലുണ്ട്. ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും വരുത്തിയ ദുരന്തങ്ങളുടെ ഓര്‍മകളോടെയാണു ഭാരതീയരായ നാം ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നത്.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ മനുഷ്യനു സമാധാനവും പ്രത്യാശയും. ഈ ഭാഷാഭേദം വളരെ അര്‍ത്ഥവത്താണ്. ദുഃഖവും സഹനവും എത്രമാത്രം ഉണ്ടായാലും രക്ഷകന്റെ ജനനത്തിലൂടെ കൈവന്ന സമാധാനവും പ്രത്യാശയും ഇല്ലാതാകുന്നില്ല. മാത്രമല്ല, അന്തിമവിജയം പ്രത്യാശയ്ക്കും സമാധാനത്തിനുമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങളും പ്രാര്‍ത്ഥനകളും ആശംസിക്കുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.


Related Articles »