News - 2024

ദൈവം രൂപകല്പന ചെയ്ത വിവാഹം, മറ്റേതു ബന്ധങ്ങളുമായും താരതമ്യപ്പെടുത്താൻ കഴിയാത്തത്: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 25-01-2016 - Monday

ഒരു പുരുഷനും ഒരു സ്ത്രീയും ചേർന്നുള്ള , വിശുദ്ധവും അഭേദ്യവുമായ ബന്ധമായി ദൈവം രൂപകല്പന ചെയ്ത വിവാഹം, മറ്റേതു ബന്ധങ്ങളുമായും താരതമ്യപ്പെടുത്താൻ കഴിയാത്തതാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ.

ജനുവരി 22-ന്, റോമൻ റോട്ടയിലെ അംഗങ്ങളുടെ യോഗത്തിൽ പിതാവ് പറഞ്ഞു. "ദൈവത്തിന് കുടുംബങ്ങളോടുള്ള അനന്ത കാരുണ്യം തിരുസഭയിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു. ജീവിതത്തിലെ പരീക്ഷണങ്ങളിലൂടെയും പാപങ്ങളിലൂടെയും കടന്നു പോകുന്ന കുടുംബങ്ങൾക്ക് പ്രത്യേകിച്ച് ദൈവകാരുണ്യം പ്രത്യക്ഷമാകുന്നു."

വത്തിക്കാൻ കോടതികളുടെ വാർഷിക യോഗത്തെ അഭിസംബോധചെയ്യുമ്പോൾ, കുടുംബ പ്രശ്നങ്ങൾ കുടുംബത്തെ നശിപ്പിക്കുന്നതിലേക്ക് വളരാതെ നോക്കാൻ റോമൻ റോട്ട ശ്രമിക്കുന്നതിനെ പിതാവ് അഭിനന്ദിച്ചു.

ജീവിത പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്ന കുടുംബ ബന്ധങ്ങൾ കോടതിയിലെത്തുമ്പോൾ, ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച്, കുടുംബത്തോടുള്ള ദൈവകാരുണ്യം മുൻനിറുത്തിയാണ്, റോമൻ റോട്ടയിലൂടെ തിരുസഭ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു.

കുടുംബ സംബന്ധിയായ രണ്ട് മെത്രാൻ സിനഡുകളിലും, കുടുംബങ്ങളിലുണ്ടാകാറുള്ള സംഘർഷങ്ങൾ ചർച്ചാവിഷയമായിട്ടുണ്ട്. ഒപ്പം തന്നെ, ദൈവത്തിന്റെ കാരുണ്യമാണ് കുടുംബം എന്നത് ലോകത്തോട് പ്രഖ്യാപിക്കാൻ അത് സഭയ്ക്ക് ഒരവസരം നല്കുകയായിരുന്നു. കുടുംബബന്ധത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് മനുഷ്യരെ ബോധവാരാക്കാനും ആ സന്ദർഭം ഉപകരിച്ചതായി പിതാവ് പറഞ്ഞു.

"കുടുംബത്തിലൂടെയുള്ള മനുഷ്യമോചനം ദൈവത്തിന്റെ സ്വപ്നമാണ്. തിരുസഭയുടെ സ്വപ്നമാണ്. സംതൃപ്തരായ കുറച്ചു പേർക്കു മാത്രമായി ലഭിക്കുന്ന ഒരു അനുഗ്രഹമല്ല വിവാഹം എന്ന് തിരുസഭ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനപ്പെട്ട എല്ലാവർക്കും അർഹതപ്പെട്ട അനുഗ്രഹമാണത്."

അതു കൊണ്ടു തന്നെ, വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ സമയത്തും, വിവാഹശേഷമുള്ള കുറച്ചു കാലങ്ങളിലും, ഒരു തീവ്രമായ അജപാലനയത്നം ആവശ്യമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

"കുടുംബം ഒരു പ്രാദേശിക സഭയാണ്. തിരുസഭയാകട്ടെ, ദൈവത്തിന്റെ കുടുംബവുമാണ്. പ്രാദേശിക സഭകളായ കുടുംബങ്ങളിൽ സന്തോഷവും സ്നേഹവും നിറയുമ്പോൾ മാത്രമേ, തിരുസഭയിൽ സന്തോഷം നില നിൽക്കുകയുള്ളു."

"സ്നേഹവും ആശ്വാസവും നൽകുന്ന 'അമ്മയും, വെളിച്ചം നൽകുന്ന ഗുരുവുമാണ് തിരുസഭ. എല്ലാ കുട്ടികളും ഒരു പോലെ അല്ല എന്ന് ആ അമ്മ അറിയുന്നു. പ്രാർത്ഥനയും വേദപാരായണവും മൂലം ശക്തമായ വിശ്വാസമുള്ള ക്രൈസ്തവരുണ്ട്. ദുർബലമായ വിശ്വാസം മാത്രമുള്ള ക്രൈസ്തവരുമുണ്ട്."

"വിവാഹത്തിന്റെ അഭേദ്യതയെ പറ്റി അറിവില്ലാതെ വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ, അവരുടെ ജീവിതത്തിൽ തെറ്റുകയുണ്ടാകാനുള്ള സാധ്യത കൂടുന്നു. തിരുസഭയുടെ സാന്നിദ്ധ്യം അങ്ങനെയുള്ള കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ടതാണ്." യോഗത്തിൽ പങ്കെടുത്ത വൈദികരെ പിതാവ് ഓർമ്മിപ്പിച്ചു.

(Source: Catholic Universe)