India - 2024

മാന്നാനത്തെ ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

മാന്നാനം: വിശുദ്ധ ചാവറയച്ചന്‍റെ പാദസ്പര്‍ശമേറ്റ മാന്നാനത്തിന്റെ വീഥികളിലൂടെ കത്തിച്ച മെഴുകുതിരിയുമായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു ആശ്രമ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി തിരികെ ദേവാലയത്തിലാണ് സമാപിച്ചത്. വൈകുന്നേരം പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നായിരുന്നു ജപമാല പ്രദക്ഷിണം.

പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനം 10.30നു മാന്നാനം ആശ്രമ ദേവാലയത്തില്‍ എത്തിച്ചേരും. 11ന് സിഎംഐ സഭയിലെ നവ വൈദികര്‍ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന പിടിയരി ഊണില്‍ (നേര്‍ച്ച ഭക്ഷണം) മുഴുവന്‍ വിശ്വാസികളും പങ്കെടുക്കും.

വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കല്‍. ആറിന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയുമായി ആയിരങ്ങള്‍ പങ്കെടുക്കും. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയില്‍ എത്തുന്‌പോള്‍ ഫാ.ഡേവിസ് ചിറമ്മേല്‍ സന്ദേശം നല്‍കും.


Related Articles »