India - 2024
വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് ആശ്രമ ദേവാലയത്തില്‍ സമാപനം
സ്വന്തം ലേഖകന്‍ 04-01-2018 - Thursday
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ സ്മരണ പുതുക്കിയുള്ള തിരുനാളിന് മാന്നാനം ആശ്രമ ദേവാലയത്തില്‍ സമാപനം. ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ ആശ്രമത്തില്‍ എത്തിയത്. സമാപന ദിനമായ ഇന്നലെ രാവിലെ മുതല്‍ ആശ്രമത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരിന്നു. രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്നിന്നു തുടങ്ങിയ തീര്‍ത്ഥാടനം 10.30ന് ആശ്രമ ദേവാലയത്തില്‍ വിശുദ്ധന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്നു.
11ന് സിഎംഐ സഭയിലെ നവവൈദികര്‍ പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണം നടന്നു. വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കലിനുശേഷം ആറിനു ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു.
വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരിന്നു. വിശുദ്ധന്റെ തിരുസ്വരൂപത്തെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ അനുഗമിച്ചു. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയിൽ എത്തിയപ്പോൾ ഫാ.ഡേവിസ് ചിറമ്മേൽ സന്ദേശം നൽകി. തിരുശേഷിപ്പ് വണക്കത്തോടെയാണ് തിരുനാളിന് സമാപനമായത്.