India - 2024

മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് നടപടി ആവശ്യപ്പെട്ട് ഒപ്പു ശേഖരണം

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഒപ്പു ശേഖരണം തുടങ്ങി. ലോക സമാധാനത്തിനു വേണ്ടി യത്നിക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വക്താവായ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം യാഥാര്‍ഥ്യമാക്കണമെന്ന്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ഭീമഹര്‍ജി നല്‍കാനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് നിര്‍വഹിച്ചത്.

കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി മ്യാന്‍മറിലും ബംഗ്ലാദേശിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. കേന്ദ്ര സര്‍ക്കാര്‍ പാപ്പയെ ഔദ്യോഗികമായി ക്ഷണിക്കാത്തത് കൊണ്ടാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം മുടങ്ങിയതെന്ന ആക്ഷേപം പരക്കെ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഒപ്പു ശേഖരണം തുടങ്ങിയത്. ഭരണഘടനാവകാശ ധ്വംസനങ്ങളെ കുറിച്ചും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നുണ്ട്.

പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, സിബി മുക്കാടന്‍, ജാന്‍സണ്‍ ജോസഫ്, പി.പി. ജോസഫ്, സൈബി അക്കര, ജോയി പാറപ്പുറം, ജോര്‍ജുകുട്ടി മുക്കത്ത്, ടോം കൈയാലയ്ക്കകം, ഷൈന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ശാഖകളുടെ നേതൃത്വത്തില്‍ ഇടവക, സ്ഥാപന, പൊതു കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്.


Related Articles »