Friday Mirror - 2024

മരണത്തോട് അടുക്കുന്ന ഒരു വിശ്വാസിയോട് സഭ അവസാനമായി എന്താണ് പറയുന്നത്?

സ്വന്തം ലേഖകൻ 26-01-2016 - Tuesday

മരണം എന്നത് ഭയം ജനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. മരണത്തിനു ശേഷം നമുക്ക് എന്ത് സംഭവിക്കുന്നു എന്ന് വ്യക്തമായ ബോധ്യങ്ങൾ ഇല്ലാത്തതു കൊണ്ടാണ് നാം കൂടുതലായും മരണത്തെ ഭയപ്പെടുന്നത്. നമ്മുടെ മരണശേഷം നമുക്ക് നിത്യ സൗഭാഗ്യം ലഭിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട് ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ്‌ എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം

"തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു:

നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക.

നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക.

നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.

നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ.

ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ.

നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ...

നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ."


(Catechism of the Catholic Church 1020)


Related Articles »