India - 2024

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം പോലീസ് തടഞ്ഞു: വിശ്വാസികള്‍ക്ക് നേരെ ലാത്തിചാര്‍ജ്

സ്വന്തം ലേഖകന്‍ 05-01-2018 - Friday

തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയ്ക്കു നേരെ പോലീസിന്റെ അതിക്രമം. വിശ്വാസികള്‍ക്കു നേരെ പോലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.നിരവധി പേർക്കു പരുക്കേറ്റു. നൂറുകണക്കിന് വിശ്വാസികളാണ് ഇന്ന്‍ ആദ്യവെള്ളിയാഴ്ച കുരിശുമല സന്ദര്‍ശനത്തിന് എത്തിയത്. യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്‌ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് കുരിശുമല സംരക്ഷണ സമിതി കത്തു നല്‍കിയിരുന്നു.

രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികൾ എത്തിയത്. രൂപതയിലെ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ, ഭക്ത സംഘടനകള്‍ എന്നിവയാണ് കുരിശുമല യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. ബോണക്കാട് കുരിശുമലയിലെ വനഭൂമിയില്‍ 60 വര്‍ഷം മുൻപ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വനംവകുപ്പ് വിലക്കിയിരുന്നു. വര്‍ഷങ്ങളായി ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമലയാത്ര നടത്താറുണ്ട്. എന്നാൽ, വനഭൂമിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന കർശന നിലപാടിലാണ് പൊലീസ്.


Related Articles »