India - 2024

മോശയെപ്പോലെ നയിക്കാന്‍ പ്രാപ്തനായവനാണ് തട്ടില്‍ പിതാവ്: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

സ്വന്തം ലേഖകന്‍ 08-01-2018 - Monday

ഹൈദരാബാദ്: മുന്നില്‍നിന്നും പിന്നില്‍നിന്നും മധ്യത്തില്‍നിന്നും ജനത്തെ നയിച്ച മോശയെപ്പോലെ ജനത്തെ നയിക്കാന്‍ പ്രാപ്തനായവനാണ് തട്ടില്‍ പിതാവെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ കൂട്ടിക്കൊണ്ടുവരികയെന്ന മോശയ്ക്കു ലഭിച്ച ദൈവീക നിയോഗം തട്ടില്‍ പിതാവിനും ലഭിക്കുകയായിരിന്നുവെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പറഞ്ഞു.

'മുറിക്കപ്പെടാനും നല്കപ്പെടാനും'എന്ന മുദ്രാവാക്യവുമായാണ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാനായത്. പൂര്‍ണമായും പകുത്തു നല്‍കുന്നതിനു ശരീരം പക്വമായിരിക്കുന്നു. മോശയുടെ നേതൃശുശ്രൂഷ ദൈവം തട്ടില്‍ പിതാവിനു നല്‍കി. പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോയ ഉത്തരവാദിത്വം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഈ രാജ്യം എല്ലാവരുടേയുമാണ്. ഈ രാജ്യത്തിനു ദൈവാനുഗ്രഹമുണ്ടാകാന്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവര്‍ക്കും കടമയുണ്ട്. സീറോ മലബാര്‍ സഭയുടെ ശുശ്രൂഷ എല്ലായിടത്തും എത്തിക്കാന്‍ ആലഞ്ചേരി പിതാവ് നല്‍കിയ നേതൃത്വത്തെയും മാര്‍ ക്ലീമിസ് തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.

പുതിയ രൂപതയ്ക്ക് ഏറ്റവും യോജിച്ച ഇടയനാണ് മാര്‍ തട്ടിലെന്നും ഹൃദയംനിറയെ അദ്ദേഹം മിഷ്ണറി ആയിരിന്നുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദൈവരാജ്യ സംസ്ഥാപനത്തിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഷംഷാബാദ് രൂപതയെന്നും മൂന്നു കത്തോലിക്കാ റീത്തുകള്‍ തമ്മിലുള്ള ഏകോപനമാണ് സഭ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »