India

സന്യസ്ത വിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകം: സീറോ മലബാര്‍ സിനഡ്

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

കൊച്ചി: സ്ത്രീകളുടെ സന്യസ്ത വിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്ന വിലയിരുത്തലുമായി സീറോ മലബാര്‍ സിനഡ്. ഇതു സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നും ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്നും സിനഡില്‍ അഭിപ്രായമുണ്ടായി. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു.

സീറോമലബാര്‍ സഭയ്ക്കു ഭാരതത്തിലെമ്പാടും അജപാലന സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തില്‍ സഭയുടെ മാനങ്ങളിലും പ്രതിബദ്ധതകളിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. സഭാമക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനും ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താനും പരിശ്രമമുണ്ടാകണം. കര്‍ഷകരും കാര്‍ഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി. കേരളത്തിലും പുറത്തുമുള്ള കര്‍ഷകരുടെ ജീവഹാനിയും വന്യമൃഗങ്ങളില്‍നിന്നു കര്‍ഷകര്‍ നേരിടുന്ന നിരന്തരമായ ശല്യവും ഉപജീവനമാര്‍ഗങ്ങളുടെ അപര്യാപ്തതയും സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് 13നു സമാപിക്കും.


Related Articles »