India - 2024

കല്‍ദായ പാത്രിയാര്‍ക്കീസിനും സംഘത്തിനും സ്വീകരണം നല്‍കി

സ്വന്തം ലേഖകന്‍ 12-01-2018 - Friday

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോയ്ക്കും സംഘത്തിനും സ്വീകരണം നല്‍കി. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

തുടര്‍ന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയ പാത്രിയര്‍ക്കീസിനെയും സംഘത്തെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലും സ്വീകരിച്ചു. കിര്‍ക്കുക്ക് ആര്‍ച്ച്ബിഷപ് യൂസിസ് തോമസ് മിര്‍ക്കിസ്, ബസ്ര ആര്‍ച്ച്ബിഷപ് ഹബീബ് ജാജു, ബാഗ്ദാദ് രൂപത സഹായമെത്രാന്‍ ബസേല്‍ യെല്‍ദോ, മോണ്‍. പാസ്‌കല്‍ ഗോള്‍ണിഷ്, ഡൊമിനിക് ബ്ലേത്രി എന്നിവരാണ് പാത്രിയാര്‍ക്കീസിനെ അനുഗമിക്കുന്നത്. സംഘം ഇന്നലെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.

നാളെ ഉച്ചകഴിഞ്ഞു 2.30നു ആണ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. പൊതുസമ്മേളനം പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. സിറിള്‍ വാസില്‍ തുടങ്ങീ നിരവധി പേര്‍ ചടങ്ങില്‍ സംസാരിക്കും.


Related Articles »