India

മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണ് വിശ്വാസജീവിതത്തിലേക്കു നയിച്ചത്: നിയുക്ത മെത്രാന്‍ ജോണ്‍ നെല്ലിക്കുന്നേല്‍

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

കൊച്ചി: മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണ് വിശ്വാസജീവിതത്തിലേക്കും ദൈവവിളിയിലേക്കും നയിച്ചതെന്നു ഇടുക്കി നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടയശുശ്രൂഷയിലേക്കു തെരഞ്ഞെടുത്തതു ദൈവമാണെന്നും പുതിയ നിയോഗമേല്പിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പിനും സിനഡിലെ എല്ലാ മെത്രാന്മാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെമിനാരിയിലേക്കു സ്വീകരിച്ച മാര്‍ പുന്നക്കോട്ടില്‍ രൂപതയുടെ ശുശ്രൂഷകള്‍ ഏല്പിച്ച മാര്‍ ആനിക്കുഴിക്കാട്ടില്‍ എന്നിവരോടു കടപ്പാടുണ്ട്. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രൂപതയാണ് ഇടുക്കി. പ്രായത്തില്‍ കുറഞ്ഞവനായ തന്നില്‍ രൂപതയുടെ ദൗത്യം ഏല്‍പിക്കപ്പെടുമ്പോള്‍ എല്ലാവരുടെയും നിരന്തരമായ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

മരിയപുരം സെന്റ് മേരീസ് ഹൈസ്‌കൂളില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1988ലാണു മാര്‍ നെല്ലിക്കുന്നേല്‍ കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചത്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1998 ഡിസംബര്‍ 30നു പുരോഹിതനായി അഭിഷിക്തനായി.

വിവിധ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്തു. ഇതിന് ശേഷമാണ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിന് ചേര്‍ന്നത്. ഇവിടെ നിന്നു തത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

പിന്നീട് ഇടുക്കി രൂപത ചാന്‍സലറും ബിഷപ്പിന്റെ സെക്രട്ടറിയുമായിരുന്നു. ഇക്കാലയളവില്‍ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെയും രൂപതാ മതബോധന വിഭാഗത്തിന്റെയും ഡയറക്ടറായും സേവനം ചെയ്തു. ഇടുക്കി രൂപതയുടെ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറിയായി സേവനം ചെയ്തുവരവേയാണ് ഇടയനിയോഗം. 150ൽ പരം ഇടവകകളും മൂന്നു ലക്ഷത്തിലധികം വിശ്വാസികളുമാണ് ഇടുക്കി രൂപതയിലുള്ളത്.


Related Articles »