India

എപ്പിസ്‌കോപ്പല്‍ പദവി: രജതജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം

സ്വന്തം ലേഖകന്‍ 14-01-2018 - Sunday

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന രജത ജൂബിലി ആഘോഷങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷത വഹിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലിയിലെത്തിയ സീറോ മലബാര്‍ സഭ ചരിത്രപരമായ വളര്‍ച്ചയിലൂടെയാണു കടന്നുപോകുന്നതെന്നുആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ക്രിസ്തുവിലുള്ള സന്തോഷം സമൂഹത്തിനു പകരാനുള്ള ദൗത്യം പുതിയ കാലത്ത് കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ സഭകള്‍ക്കാകെ പ്രചോദനമായി സീറോ മലബാര്‍ സഭ വളര്‍ന്നുവെന്നത് അഭിമാനകരമാണെന്ന് സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഗ്രീക്ക് കാത്തലിക് ചര്‍ച്ച് അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ദിമിത്രോസ് സലാക്കാസ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »