India

ബിഷപ്പുമാരായിട്ടല്ല തീര്‍ത്ഥാടകരായിട്ടാണ് തങ്ങള്‍ എത്തിയിരിക്കുന്നത്: മാര്‍ ലൂയിസ് സാക്കോ

സ്വന്തം ലേഖകന്‍ 15-01-2018 - Monday

പാലയൂര്‍: ബിഷപ്പുമാരായിട്ടല്ല തീര്‍ത്ഥാടകരായിട്ടാണ് ഞങ്ങള്‍ പാലയൂരില്‍ എത്തിയിട്ടുള്ളതെന്ന് കല്‍ദായ പാത്രിയര്‍ക്കീസ് മാര്‍ ലൂയിസ് റാഫേല്‍ സാക്കോ. ഇറാഖില്‍ നിന്ന് എത്തിയ മെത്രാപ്പോലീത്ത സംഘത്തിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ കരസ്പര്‍ശം നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വിദേശരാജ്യങ്ങളില്‍ പല പ്രയാസങ്ങളും നേരിടുന്ന കാലഘട്ടമാണ്. നിങ്ങളുടെ സഹായം വേണം. മുന്‍കാലഘട്ടങ്ങളില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഞങ്ങളുടെ പൂര്‍വികര്‍ ഇവിടങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ അവിടങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്നതിന് വിഷമങ്ങള്‍ നേരിടുന്നു. ഏവരുടെയും പ്രാര്‍ത്ഥന സഹായവും വേണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനോടൊപ്പം എത്തിയ മെത്രാന്‍ സംഘത്തിന് പള്ളിയുടെ പടിഞ്ഞാറെ ഗേറ്റില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.

പാത്രിയാര്‍ക്കീസിനോടൊപ്പം എത്തിയ മെത്രാപ്പോലീത്തമാരായ മാര്‍ യൂസിഫ് തോമസ്, മാര്‍ ഹബീബ്ജാജ, സഹായമെത്രാന്‍ മാര്‍ ബാസല്‍ യാള്‍ദോ, ഗ്രീസിലെ മാര്‍ ഡിമിത്ര സലാബസ് എന്നിവരും സന്ദേശം നല്‍കി. ഇറാക്കില്‍ നമ്മുടെ സഭ പീഡിതസഭയായി മാറിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. 2003 വരെ 14 ലക്ഷം കത്തോലിക്കരുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ രണ്ടരലക്ഷം കത്തോലിക്കരായി ചുരുങ്ങിയെന്നും അദ്ദേഹം സ്മരിച്ചു.

നേരത്തെ സ്വീകരണത്തിന് ശേഷം വഞ്ചിക്കടവില്‍ പതാക സമര്‍പ്പണം നടത്തി സംഘം കല്‍വിളക്കില്‍ ദീപം തെളിയിച്ച് വിശുദ്ധ കുരിശ് സ്ഥാപിച്ചു. വിശ്വാസകവാടത്തില്‍ സുറിയാനി ഭാഷയില്‍ പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ തിരുശേഷിപ്പ് ആശീര്‍വാദം നടത്തിയശേഷം തളിയക്കുളത്തിന്റെ കരയില്‍ വച്ചാണ് അനുഗ്രഹപ്രഭാഷണം നടത്തിയത്. മാതൃവേദിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ മാര്‍ഗംകളി അവതരിപ്പിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് മെത്രാന്‍ സംഘം ഉപഹാരം നല്‍കി.

ഇന്ന്‍ പാത്രിയര്‍ക്കീസ് മാര്‍ ളൂയീസ് റാഫേല്‍ സാക്കോയ്ക്കു ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്‍കും. രാവിലെ പാലാ ബിഷപ്‌സ് ഹൗസിലെത്തുന്ന അദ്ദേഹം തുടര്‍ന്നു ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാ ടനകേന്ദ്രം സന്ദര്‍ശിക്കും. വിശുദ്ധ അല്‍ഫോന്‍സ ചാപ്പലില്‍ സുറിയാനിയിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. തുടര്‍ന്നു കോട്ടയം വടവാതൂര്‍ സെമിനാരിയിലും പാത്രിയര്‍ക്കീസ് സന്ദര്‍ശനം നടത്തും.


Related Articles »