India - 2024

മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം

സ്വന്തം ലേഖകന്‍ 17-01-2018 - Wednesday

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം. സഭയുടെ ഇന്നത്തെ വളര്‍ച്ചയില്‍ മാര്‍ മാര്‍ ദിവന്നാസിയോസ് പിതാവ് നല്‍കിയ നേതൃത്വവും സമര്‍പ്പിതമായ സേവനങ്ങളും സഭാമക്കള്‍ക്കൊപ്പം നന്ദിയോടെ സ്മരിക്കുന്നുവെന്നും കുടിയേറ്റ മേഖലയില്‍ ത്യാഗോജ്വലമായിരുന്നു പിതാവിന്റെ സേവനപാതകളെന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

സഭയുടെ ആധ്യാത്മികത, ആരാധനക്രമം, മിഷന്‍ ചൈതന്യം എന്നിവ തനിമയോടെ കാത്തുസൂക്ഷിക്കുന്നതില്‍ ഏറെശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സെമിനാരി റെക്ടര്‍ എന്ന നിലയില്‍ ഒട്ടേറെ വൈദികര്‍ക്ക് ഗുരുവും സന്യാസജീവിതമാതൃകയും ആധ്യാത്മിക പിതാവുമായിരുന്നു ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സഭയുടെ പ്രാര്‍ത്ഥനകളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുന്നും അനുശോചന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു.

ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അജപാലനശുശ്രൂഷയിലും സഭാഭരണ രംഗത്തും തികഞ്ഞ ലാളിത്യവും നൈപുണ്യവും പുലര്‍ത്തിയ അദ്ദേഹം സെമിനാരി റെക്ടറായും ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയിലും തന്റെ ശുശ്രൂഷാപാടവം സഭയിലും പൊതുസമൂഹത്തിലും അദ്ദേഹം അടയാളപ്പെടുത്തിയെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ലളിത ജീവിത ശൈലി മുഖമുദ്രയാക്കി ബത്തേരി, പുത്തൂര്‍ രൂപതകളെ നയിച്ച അദ്ദേഹം കേരള സഭയ്ക്കു ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നതായി കെസിബിസി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി.


Related Articles »