India - 2024

ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് യാത്രാമൊഴി

സ്വന്തം ലേഖകന്‍ 19-01-2018 - Friday

തിരുവല്ല: വ്യത്യസ്തതകളുടെ ആചാര്യശ്രേഷ്ഠനായി നിറഞ്ഞു നിന്ന ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ഇനി വിശ്വാസസമൂഹത്തിന്റെ ഹൃദയങ്ങളില്‍ ഓര്‍മ്മ. ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഭൗതികശരീരം ഇന്നലെ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിനോടു ചേര്‍ന്നാണ് കബറടക്കിയത്. പുഷ്പചക്രങ്ങളോ അന്തിമോപചാരം അര്‍പ്പിച്ചുള്ള ശോശപ്പ സമര്‍പ്പണമോ ഇല്ലാതെയായിരുന്നു വിടവാങ്ങല്‍ യാത്ര. നഗരികാണിക്കല്‍ ഒഴിവാക്കി ദേവാലയത്തിനു പ്രദക്ഷിണം നടത്തി ഭൗതികശരീരം കബറില്‍ ഇറക്കിവച്ചു.

ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കി. കബറടക്ക ശുശ്രൂഷയിലെ ആറാംക്രമം പൂര്‍ത്തീകരിച്ച് ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി. തുടര്‍ന്ന് സമാപന ശുശ്രൂഷ ആരംഭിച്ചു.

കെസിബിസി അധ്യക്ഷന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, തോമസ് മാര്‍ യൗസേബിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സഭയ്ക്കു വേണ്ടി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ അന്തിമോപചാരം അര്‍പ്പിച്ച് പ്രസംഗിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും മാര്‍ ദിവന്നാസിയോസിന് സ്‌നേഹചുംബനം നല്‍കി. തുടര്‍ന്ന് കബറിലേക്ക് വൈദികര്‍ ഭൗതികശരീരം എടുത്തപ്പോള്‍ മെത്രാപ്പോലീത്തമാരും മറ്റു വൈദികരും ഇതിനു മുന്പില്‍ നിരയായി നീങ്ങി. കബറില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഭൗതികശരീരം ഇറക്കിവച്ചു. തൈലം ഒഴിച്ച് അന്ത്യയാത്ര ചൊല്ലി ധൂപവും അര്‍പ്പിച്ചതോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലങ്കര കത്തോലിക്കാ സഭ പുത്തൂര്‍, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷനായ മാര്‍ ദിവന്നാസിയോസ് കാലം ചെയ്തത്.


Related Articles »