India - 2024

അമ്മമാര്‍ ജീവന്റെ സംരക്ഷകരും കുടുംബത്തിന്റെ വിളക്കുമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

സ്വന്തം ലേഖകന്‍ 19-01-2018 - Friday

ഇരിങ്ങാലക്കുട: അമ്മമാര്‍ ജീവന്റെ സംരക്ഷകരും കുടുംബത്തിന്റെ വിളക്കുമാകണമെന്നു ഇരിങ്ങാലക്കൂട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ മാതൃസംഗമം ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ സെന്ററായ കല്ലേറ്റുംകര പാക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയുടെ സംസ്‌കാരം ഏറിവരുന്ന കാലഘട്ടത്തില്‍ നിസ്വാര്‍ത്ഥതയുടെ, അലിവിന്റെ സംസ്‌കാരം സ്വയം വരിക്കുവാനും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും അമ്മമാര്‍ക്കു കഴിയണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ഗര്‍ഭപാത്രത്തിലെ ജീവനുപോലും വിലകല്പിക്കാത്ത, വലിച്ചെറിയലിന്റെ സംസ്‌കാരം വളരുകയാണ്. ഇക്കാലഘട്ടത്തില്‍ അമ്മ സമൂഹത്തിന്റെ ഉപ്പായി, പ്രകാശമായി മാറണം. അമ്മമാര്‍ ജീവന്റെ സംരക്ഷകയും കുടുംബത്തിന്റെ വിളക്കുമാവണം. മാതൃവേദി അംഗങ്ങള്‍ക്കു ക്രിസ്തു മാര്‍ഗവും വചനം ദര്‍ശനവുമാകണം. ബിഷപ്പ് പറഞ്ഞു.

മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ജോസഫ് കൊച്ചുപറന്പില്‍ ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജിജി ജേക്കബ്, ഇരിങ്ങാലക്കുട രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമം ഇന്ന്‍ സമാപിക്കും.


Related Articles »