India - 2024

കെസിവൈഎം സംസ്ഥാന സമിതിയുടെ സെനറ്റ് സമ്മേളനത്തിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 19-01-2018 - Friday

മാവേലിക്കര: കെസിവൈഎം സംസ്ഥാന സമിതിയുടെ 40ാമത് സെനറ്റ് സമ്മേളനത്തിന് ജീവാരാം ആനിമേഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. പുതിയ ഭാരവഹികളുടെ തെരഞ്ഞെടുപ്പും കെസിബിസിയുടെ യുവജന വര്‍ഷ ഉദ്ഘാടനവും 21വരെയുള്ള സമ്മേളനത്തിനിടെ നടക്കും. മാവേലിക്കര രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം. കേരളത്തിലെ 32 കത്തോലിക്ക രൂപതകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിശകലനങ്ങളും വിലയിരുത്തലുകളും സമ്മേളനത്തില്‍ വിലയിരുത്തും.

ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നാളെ രാവിലെ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. സെനറ്റ് സമ്മേളന ഉദ്ഘാടനം മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യൂ നല്ലില അധ്യക്ഷതവഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ജോസ് സ്വാഗതവും ആശംസിക്കും.

മാവേലിക്കര രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്‍മലോട്ട്, രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഇടയാനവിള, രൂപത പ്രസിഡന്റ് റെജി വര്‍ഗീസ് പെരിങ്ങനാട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാസന്ധ്യ. 21നു രാവിലെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കര്‍മപദ്ധതിയുടെ വിശകലനവും നടക്കും. രാവിലെ 11.00ന് കെസിബിസിയുടെ ഔദ്യോഗികമായ യുവജനവര്‍ഷ ഉദ്ഘാടനം നടക്കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയാകും.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനംചെയ്യും. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ്പ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിനു കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ നന്ദി പ്രകാശിപ്പിക്കും. കേരളത്തിലെ എല്ലാ കത്തോലിക്ക യുവജന സംഘടനകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


Related Articles »