India - 2024

യുവജനങ്ങൾ സംഘടിതരായി വിശ്വാസ വളർച്ചയിൽ പങ്കുകാരാകണം: ബിഷപ്പ് വിൻസെന്റ് സാമുവൽ

സ്വന്തം ലേഖകന്‍ 22-01-2018 - Monday

ചെങ്ങന്നൂർ: യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണമെന്ന് കെആർഎൽസിസി യൂത്ത് കമ്മിഷൻ ചെയർമാൻ ഡോ.വിൻസെന്റ് സാമുവൽ. ചെങ്ങന്നൂരിൽ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റ് (എൽസിവൈഎം) നാലാമത് വാർഷിക സെനറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലസതയിലും ആർഭാടത്തിലും മതിമറന്ന് പോകാതെ യുവാക്കൾ വിശ്വാസ തീഷ്ണതയിൽ വളരണം, സഭയുടെ അടിത്തറയായി മാറേണ്ട യുവാക്കൾക്ക് എൽസിവൈഎം എന്നും മാതൃകയായിരിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ഓഖി അനുസ്മരണത്തോടു കൂടിയാണ് നാലാമത് വാർഷിക സെനറ്റിന് തുടക്കം കുറിച്ചത്. പുനലൂർ രൂപതയുടെ ആഥിതേയത്തിൽ ചെങ്ങന്നുർ സെന്റ് മേരിസ് പാരിഷ്ഹാളിൽ കൂടിയ സെനറ്റ് യോഗത്തിൽ എൽസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി യൂത്ത് കമ്മിഷൻ സെക്രട്ടറി ഫാ.പോൾ സണ്ണി മുഖ്യ സന്ദേശം നൽകി. കെആർഎൽസിസി സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ ,എൽസിവൈഎം സെക്രട്ടറി ഡീനാ പീറ്റർ,എൽസിവൈഎം പുനലൂർ രൂപതാ ഡയറക്ടർ ജോസ് ഫിഫിൻ, എൽസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിബിൻ ഗബ്രിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »