India - 2024

ചങ്ങനാശേരി അതിരൂപതയില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ 'കെരിഗ്മ 2018'

സ്വന്തം ലേഖകന്‍ 25-01-2018 - Thursday

ചങ്ങനാശേരി: അതിരൂപത മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ വജ്രജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി നാളെ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ 'കെരിഗ്മ2018' നടത്തും. സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര പ്രാര്‍ത്ഥന നയിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, എസിസി കണ്‍വീനര്‍ ഡോ.രാജന്‍ കെ. അന്പൂരി എന്നിവര്‍ പ്രസംഗിക്കും.

സീറോമലബാര്‍ സിനഡല്‍ കാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ആധുനിക കാലഘട്ടത്തില്‍ വിശ്വാസപരിശീലനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറന്പില്‍, ജോസ് കെ. ജേക്കബ്, ജോസി ആലഞ്ചേരി, സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ നടയ്ക്കല്‍ പുരസ്‌കാരം സമ്മാനിക്കും.

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതാധ്യാപനത്തില്‍ 25, 50, 60 വര്‍ഷം പൂര്‍ത്തിയായ മതാധ്യാപകരേയും അവാര്‍ഡുകള്‍ നല്കി ആദരിക്കും. സീറോമലബാര്‍ സഭാപ്രതിഭാ പുരസ്‌കാരം ലഭിച്ച പുതുപ്പളളി സെന്റ് ആന്റണീസ് സണ്‍ഡേസ്‌കൂളിലെ കുമാരി ദിയാ മരിയ ജോര്‍ജിനെ അനുമോദിക്കും. അതിരൂപത മതാധ്യാപകരുടെ നേതൃത്വത്തിലുളള വജ്രജൂബിലി ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്ദേശനിലയം ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറന്പില്‍ അതിരൂപത കേന്ദ്രത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.


Related Articles »