India

മിഷ്ണറിമാരുടെ ജീവിത മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

സ്വന്തം ലേഖകന്‍ 28-01-2018 - Sunday

കൊച്ചി: ഭാരതത്തിലെങ്ങുമുള്ള മിഷ്ണറിമാരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ലായെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി ആസ്ഥാന കാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ പ്രേഷിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപരനില്‍ ദൈവത്തിന്റെ മുഖം കാണാനും ദൈവസാന്നിധ്യത്തിനു ശുശ്രൂഷ ചെയ്യാനും മിഷണറിമാര്‍ നിരന്തരം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷ്ണറിമാര്‍ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങളാണ്. ഭാരതത്തിലെങ്ങുമുള്ള മിഷണറിമാരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ല. അത്തരം ജീവിതമാതൃകകള്‍ സമൂഹത്തില്‍ നന്മയുടെ സാന്നിധ്യങ്ങളായി ചരിത്രം രേഖപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ സ്‌നേഹത്തിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകാനാവണം. ക്രിസ്തുസാക്ഷ്യത്തിന്റെ പ്രേഷിതപാതയില്‍ ജീവന്‍തന്നെയും സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവരാണു മിഷണറിമാരെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ഭാരതത്തില്‍ വിദ്യാഭ്യാസ രംഗത്തും, ആതുരശുശ്രൂഷാ മേഖലകളിലും സാമൂഹ്യ സേവനരംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും മിഷണറിമാരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഫാ. ജേക്കബ് മാത്യു തിരുവാലില്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ പ്രേഷിതസംഗമം ഇന്ന് സമാപിക്കും.


Related Articles »