India - 2024

സിഎംഐ പുരാരേഖ വിഭാഗം സുറിയാനി പൈതൃകത്തിനു നല്‍കുന്ന സംഭാവന വലുത്: മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 31-01-2018 - Wednesday

മാന്നാനം: സിഎംഐ സഭയുടെ പുരാരേഖ വിഭാഗം ഭാരതത്തിലെ സുറിയാനി പൈതൃകത്തിനു നല്‍കുന്ന സംഭാവന വലുതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠന ശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഈ റിസേര്‍ച്ച് സെന്റര്‍ ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ റിസേര്‍ച്ച് സെന്ററിന്റെയും ബംഗളൂരു ക്രൈസ്റ്റ് കല്പിത സര്‍വകലാശാലയുടെയും മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠന ശിബിരം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് നേരത്തെ ഉദ്ഘാടനം ചെയ്തത്. തദേശീയ തനിമയിലൂന്നിയ ദൈവാരാധന ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പരന്പരാഗത സവിശേഷതയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

റോമിലെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സയന്‍സസിന്റെ അധ്യക്ഷന്‍ മോണ്‍. ബര്‍ണാര്‍ദ് അര്‍ദൂര മുഖ്യാതിഥിയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാല ചരിത്രപഠന വിഭാഗം മുന്‍ മേധാവിയും അന്തര്‍ദേശീയ സെമിനാറിന്റെ മുഖ്യ ആലോചനക്കാരനുമായ പ്രഫ. കെ എസ്. മാത്യു മുഖ്യപ്രബന്ധം അവതരിപ്പിച്ചു. സെമിനാറില്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് ഹിസ്‌റ്റോറിയന്‍സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം മോണ്‍. ബര്‍ണാര്‍ദ് അര്‍ദൂര നിര്‍വഹിച്ചു. റവ. ഡോ. സണ്ണി മണിയാകുന്നേല്‍ ഒസിഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഠനശിബിരം നാളെ സമാപിക്കും.


Related Articles »