Social Media - 2019

"എത്ര സമുന്നതം പുരോഹിത നീ ഭരമേറ്റ വിശിഷ്ട സ്ഥാനം"

ഫാ. അനീഷ്‌ കരിമാലൂർ 05-02-2018 - Monday

2017ന്റെ അവസാനത്തിലും 2018ന്റെ ആരംഭത്തിലുമായി ഏകദേശം 400റോളം നവവൈദികർ കേരള കത്തോലിക്കാ സഭയിലേക്കു ജനിച്ചു വീണ പുണ്യ നിമിഷങ്ങൾ ആയിരുന്നു. ഈ ദിവസങ്ങളിൽ അവർ തങ്ങളുടെ പുതിയ അജപാലന കർമ്മ മേഖലകളായ ഇടവകകളിലേക്ക് കൊച്ചച്ചൻമാരായി തങ്ങളുടെ ജീവിതം തുടങ്ങുകയാണല്ലോ, അവർക്കായി ഒരു കുറിപ്പ് എഴുതാമെന്ന് വിചാരിച്ചു.

പ്രിയ വൈദിക സഹോദരന്മാരെ, നീണ്ട പത്തു പതിനാല് വർഷത്തെ പ്രാർത്ഥനയുടെയും, പരിശ്രമത്തിന്റെയും, പ്രതീക്ഷയുടെയും, ഫലമായി നിങ്ങൾ കർത്താവിന്റെ അഭിഷിക്തരായി പുതിയ ഇടവകകളിലേക്ക് കൊച്ചച്ചനായി പോകുമ്പോൾ, ദൈവത്തോടുള്ള നിന്റെ സ്നേഹത്തിന്റെ മുൻപിൽ മറ്റെല്ലാ സ്നേഹവും നിഷ്ഫലമാകട്ടെ എന്നും... അപരന് അനുഗ്രഹമായി നിന്റെ നാവും... ആശീർവാദമായി നിന്റെ കരങ്ങളും ഉയരട്ടെ... നിന്റെ ശരീരം പൗരോഹിത്യത്തിന്റെ നിറംമങ്ങാത്ത തിരുവസ്ത്രത്താൽ പൊതിയപ്പെട്ട് മരണം വരെ നിന്റെ പ്രവർത്തികൾ എല്ലാം വിശുദ്ധിയിൽ സൂക്ഷിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു.

ദൈവത്തിന് വേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ നീ മാറ്റി വെക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏറ്റവും ശ്രഷ്ഠമായ പ്രതിഫലം, ക്രിസ്തു സ്വർഗത്തിന്റെ താക്കോൽ പത്രോസിനു കൊടുത്ത ഉറപ്പാണ്. "നീ ഭൂമിയിൽ കെട്ടുന്നതെല്ലാം, സ്വർഗത്തിലും കേട്ടപ്പെടും, നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെടും" (മത്തായി 16:19- 20. ഇതിൽ കൂടുതൽ എന്ത്‌ പ്രതിഫലമാണ് നിനക്ക് ലഭിക്കേണ്ടത്. ബ്രസീലീയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോ പറഞ്ഞു വെച്ചത് പോലെ, "ഉറയിൽ നിന്ന് വാളുരാതെ തന്റെ ശക്തി തെളിയിക്കുന്നവൻ ആണ് പുരോഹിതൻ". നിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾക്ക് മാരകായുധങ്ങളെക്കാൾ ശക്തിയുണ്ട്. ആ വാക്കുകൾ നിന്റെ ഗുരുവിന്റെ അധികാരത്തോടെ ആയതിനാൽ ദൈവം അത് നിറവേറ്റും.

വിവേകത്തോടെ, അവന്റെ വചനത്തിന്റെ ശക്തിയാൽ നീ പ്രവർത്തിക്കുക. അവൻ പരീക്ഷിക്കപ്പെട്ടത് പോലെ നീയും പരീക്ഷിക്കപ്പെടും. വചനം പറയുന്നത് പോലെ "പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടു പോയി"(ലുക്കാ 4-13) എന്നുവെച്ചാൽ അവൻ വീണ്ടും വരുമെന്നർഥം. നീ ആ പ്രലോഭനങ്ങളെ എല്ലാം അതിജീവിച്ചു വിശുദ്ധിയിൽ നടന്നാൽ നി ആയിരിക്കുന്ന ദേശം മുഴുവൻ വിശുദ്ധമാകും. എന്നാൽ നീ പ്രലോഭനത്തിൽ വീണു പോയാൽ ആ ദേശം മുഴുവന്റെയും കണ്ണീരിനു നീ കാരണമാകും. പ്രലോഭനമായ പിശാച് നിന്നെ നശിപ്പിക്കുവാൻ പണമായും, പദവിയായും, പെണ്ണായും നിന്നെ വലയം ചെയ്യും, "ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" എന്ന കർതൃവചനം നിനക്ക് ശക്തിയാകട്ടെ. നിന്റെ ആത്മീയ ജീവിതത്തിന്റെ മരുഭൂമിയിൽ പ്രലോഭനങ്ങൾ മണൽ കാറ്റ് പോലെ എപ്പോഴും വീശി കൊണ്ടേയിരിക്കും...

എന്തിനാടാ ചക്കരെ നീ അച്ചൻ പട്ടത്തിനു പോയത് എന്ന് ചോദിച്ചു പലരും വരും... അവർക്കു കൊടുക്കേണ്ട മറുപടി എന്താണെന്നു അറിയാമല്ലോ അല്ലെ...! ചങ്കുറപ്പോടെ പറയണം, "പോയതല്ലെടി പെണ്ണേ, വിളിച്ചതാണ് പ്രണയം തന്നെയായ ദൈവം..."എന്ന്‌. നീ എല്ലാവരെയും പ്രണയിച്ചോളു ആരെയും സ്വന്തമാക്കാൻ ശ്രമിക്കരുത്... ഒരു പുരോഹിതനും ആരുടെയും സ്വന്തമല്ല, എന്നാൽ ഒരു ദേശത്തായിരിക്കുമ്പോൾ ആരുടെയൊക്കെയോ സ്വന്തമാണ് താനും.... ഒരു പുരോഹിതനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ, പ്രണയിക്കാൻ ആഗ്രഹിക്കുന്നവൾ, തേടുന്നത് അവന്റെ ഹൃദയത്തിൽ ഒരു ഇടമാണ്, അവളുടേത്‌ മാത്രമായിട്ടൊരു ഇടം...അതിനു നീ അനുവദിക്കരുത്‌.

ഫ്രാൻസിസിന്റെയും ക്ലാരയുടെയും നിഷ്കളങ്കമായ പ്രണയത്തിന്റെ ഒരു കഥയുണ്ട്... ഫ്രാൻസിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കുശുകുശുപ്പുകൾ ഒരവസരത്തിൽ ഉയർന്നു വന്നു... അതിൽ ചിലതു ഫ്രാൻസീസിന്റെ ചെവിയിലും എത്തി. സിസ്റ്റർ, അവർ നമ്മെക്കുറിച്ച് എന്താണ് പറയുന്നതെന്നു കേട്ടുവോ..?ക്ലാരക്ക് മറുപടി പറയാനായില്ല, തന്റെ ഹൃദയം നിലച്ചതുപോലെ അവൾക്കു തോന്നി. ഒരു വാക്ക് ഉച്ചരിച്ചാൽ കരഞ്ഞു പോകും. നാം പിരിയേണ്ടിരിക്കുന്നു ഫ്രാൻസീസ് കൂട്ടിചേർത്തു. സിസ്റ്റർ പൊയ്ക്കോളൂ, ഇരുട്ടു വീഴും മുൻപ് മഠത്തിലെത്താം. ഞാനും പുറകെ ഉണ്ടാകും തനിച്ച്‌, ദൈവം എനിക്ക് നൽകിയ നിർദ്ദേശം അതാണ്.

ക്ലാര വഴിമദ്ധ്യേ തളർന്നു വീണു. അല്പസമയത്തിന് ശേഷം എണിറ്റു മുന്നോട്ടു നടന്നു. തിരിഞ്ഞു നോക്കാതെ... പാത ഒരു വനത്തിലേക്ക് നീണ്ടു.... പെട്ടന്ന് ക്ലാരക്ക് നിയന്ത്രണം നഷ്ടമായി അവൾ ഏതാനും നിമിഷം കാത്തുനിന്നു. "നാം ഇനി എന്നു കാണും ഫാദർ?" അവൾ ചോദിച്ചു, "പനിനീർ പൂക്കളെ വിരിയിക്കുന്ന വേനൽക്കാലമെത്തുമ്പോൾ" അവൻ മറുപടി പറഞ്ഞു, അപ്പോൾ അവിടെ അത്ഭുതം സംഭവിച്ചു. മഞ്ഞുപുതച്ചു കിടന്ന പ്രദേശമാകെ ആയിരക്കണക്കിന് പൂക്കൾ വിടർന്നു. ക്ലാര പൂക്കളിറുയെടുത്തു ഒരു പൂച്ചെണ്ടുണ്ടാക്കി ഫ്രാൻസിസിനു സമ്മാനിച്ചു. അതിനു ശേഷം ഫ്രാൻസീസും ക്ലാരയും വേർപിരിഞ്ഞിട്ടില്ലയെന്നു ഐതീഹ്യം കൂട്ടിചേർക്കുന്നു.

ഐതീഹ്യത്തിന്റെ പ്രതീകാത്മക ഭാഷ നമ്മെ വശീകരിക്കും. പക്ഷേ അത് വെളിപ്പെടുത്തുന്നത്, അവരുടെ സ്നേഹത്തിന്റെ സ്ഥായിഭാവമാണ്. ക്ലാരയും, ഫ്രാൻസിസും വേർപിരിഞ്ഞില്ല എന്നതിനർത്ഥം ഒരേ സുവിശേഷ ദൗത്യത്തിൽ അവർ ഐക്യപെട്ടിരുന്നു എന്നാണ്. അവർക്കുപരിയായും അവരിൽക്കവിഞ്ഞും മൂന്നാമതൊരു യഥാർത്ഥയുമായി അവർ ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ക്ലാരയെ സ്വന്തമാക്കാതെ ജീവിത അവസാനം വരെ പ്രണയിച്ച വിശുദ്ധ ഫ്രാൻസിസ്നെ പോലെ നിന്റെ ജീവിതം വിശുദ്ധവും നിഷ്കളങ്കവുമായ ദൈവസ്നേഹത്താൽ നിറയട്ടെ.

ഇനി കുറ്റം കണ്ടുപിടിക്കാൻ വേണ്ടി മാത്രം കുറച്ചുപേർ ഉണ്ടാവും...

നീളൻ പ്രസംഗങ്ങൾ ജനങ്ങളെ ബോറഡിപ്പിക്കുന്നു. ചെറു പ്രസംഗം തയ്യാറെടുപ്പിന്റെ അഭാവം വെളിപ്പെടുത്തുന്നു. ഒരു കാർ സ്വന്തമായുള്ള അച്ചൻ ആഡംബര പ്രിയനും സ്വന്തമായി വാഹനം ഇല്ലാത്തച്ചൻ പിശുക്കനുമാണ്. ഭവനസന്ദർശനം നടത്തുന്ന അച്ചൻ സഞ്ചാരപ്രിയനാണ്; മടിയന്മാർ ഭവനസന്ദർശനം ഒഴിവാക്കുന്നു. പള്ളിയിൽ സംഭാവനക്കാര്യം പറഞ്ഞാൽ പിരിവുകാരൻ; അല്ലെങ്കിൽ ഇടവകയുടെ വികസനത്തിന് എതിരുനിൽക്കുന്ന പിന്തിരിപ്പൻ. നീണ്ട കുമ്പസാരം ശരിയല്ല; ചുരുങ്ങിയ കുമ്പസാരം വിശ്വാസിയുടെ അനുതാപത്തിനുള്ള അവസര നിഷേധമാണ്. മുതിർന്നവരോട് പ്രിയം കാണിക്കുന്ന വൈദികൻ പഴഞ്ചനും യുവാക്കളുടെ സുഹൃത്തായ വൈദികൻ അടിച്ചുപൊളിക്കാരനുമാണ്.

ഫെയ്‌സ്ബുക്കിൽ, വാട്സാപ്പിൽ അംഗമായാൽ, 'അച്ചന്മാർക്ക് ഇതൊക്കെവേണോ' എന്ന പരാതി; അല്ലെങ്കിൽ അച്ചൻ 'അപ്‌ഡേറ്റ്ഡ്' അല്ല എന്ന പരിഭവം. ഈ വിധമുള്ള കമന്റുകൾ പുഞ്ചിരിയോടെ നേരിടാനും എല്ലാവരോടും ക്ഷമിച്ച് അവരെ സ്‌നേഹിക്കുവാനും ഒരു വൈദികനയാ എനിക്കും നിനക്കും കഴിയണം. അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ പിതാവിന്റെ നിരന്തര പ്രീതിയ്ക്ക് പാത്രമായി ജീവിക്കാം. സ്വർഗീയ തീർത്ഥയാത്രയിലെ പഥികരായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പിന്നിൽ നമുക്ക് അണിചേരാം.

നി ഉയർത്തുന്ന കാസയിലെ തിരുരക്തത്തോട് നിന്റെ ജീവരക്തവും കലരുമ്പോഴാണ് ഓരോ ബലിയർപ്പണം പൂർണ്ണമാകുന്നത്... വിശ്വസം പരിപാലിക്കാൻ ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ല... രക്തസാക്ഷിത്വം എന്നും നസ്രായൻ്റെ ശിഷ്യരേയും സ്നേഹിതരേയും ആനന്ദിപ്പിക്കുന്നതാണ്... നിറഞ്ഞ പുഞ്ചിരിയോടെ അധരങ്ങളിൽ ദൈവ സ്തുതി കീർത്തനങ്ങളോടെ മരണത്തിലേക്ക് സധൈര്യം ഇറങ്ങി പോയ ധീരരുടെ ജീവിതം കേട്ട് വളർന്നവരാണ് നമ്മൾ. ആറടി മണ്ണിൽ വീണുടഞ്ഞ് തീരുന്നതല്ല ജീവിതമെന്ന് ഗുരു പഠിപ്പിച്ചതുകൊണ്ട് ഭയമൊട്ടും ഇല്ലതാനും...കുരിശിൽ കിടക്കുന്ന ഗുരുവിൻ്റെ ഹൃദയത്തിൻ്റെ ആഴം ശത്രുക്കൾ കുന്തമുന കൊണ്ട് പരിശോദിക്കുമ്പോഴും പ്രാർത്ഥനയുടെ മന്ത്രണങ്ങളാണ് ചുടുചോരയോടൊപ്പം വായുവിൽ അലിഞ്ഞത്...

അത് നിരന്തരം ഓർക്കുന്നതുകൊണ്ടാണ് ആത്മമിത്രത്തിന് വേണ്ടിയെന്ന പോലെ സഹോദരരെ നിങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നത്. ഞങ്ങളെ തേടുന്നവരുടെ കനത്ത കാലൊച്ചകൾ ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്.... മരണ രഥചക്രങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടിയിറങ്ങുന്നത് ഞങ്ങൾ അറിയുന്നു... ഒരു പാട് ധീര രക്തസാക്ഷികൾ ഞങ്ങളെ ധൈര്യപെടുത്തുന്നു... ഒപ്പം ടോം അച്ചനും.... ഫാ. ഷാക് ഹാമലിൻ്റെ മുറിഞ്ഞ് വീണ ശിരസ്സ് എന്നെയും നിന്നെയും പ്രചോദിപ്പിക്കണം, ഈ ബലിജീവിതം തുടരാൻ...

മൂനകൂർപ്പിച്ച ആയുധങ്ങളുമായ് മനസാക്ഷി മരവിച്ച മനസ്സുമായ് ക്രിസ്തുവിൻ്റെ പ്രിയപ്പെട്ടവരെ തേടിയലയുന്നവരേ... ലോകത്തെമ്പാടുമുള്ള ദൈവാലയങ്ങളിൽ നാളെയും ബലിയർപ്പണമുണ്ട്.. കവാടം തുറന്ന് തന്നെ കിടക്കും, നിങ്ങൾക്ക് സ്വാഗതം... അവിടത്തെ ഹിതമെങ്കിൽ തിരുരക്തത്തോടൊപ്പം ജീവരക്തവും കലരട്ടെ.. ബലിപൂർത്തിയാകട്ടെ, ഇത് നിങ്ങൾക്ക് വേണ്ടി മുറിക്കപ്പെട്ട ശരീരമാണ് ചിന്തപ്പെട്ട രക്തമാണ് എന്ന ബലിമൊഴി ഭൂമിയിൽ നിറയട്ടെ...

എല്ലാ പുരോഹിതർക്കുവേണ്ടി നിങ്ങളും പ്രാർത്ഥിക്കുമല്ലോ....

സസ്നേഹം, പ്രാര്‍ത്ഥനകളോടെ,

ഫാ. അനീഷ്‌ കരിമാലൂർ.


Related Articles »