Youth Zone - 2024

'ദിവ്യകാരുണ്യ സന്നിധിയിൽ സമയം ചിലവഴിക്കുക': യുവജനങ്ങളോട് പാക്കിസ്ഥാൻ ബിഷപ്പ്

സ്വന്തം ലേഖകന്‍ 05-02-2018 - Monday

ഇസ്ലാമാബാദ്: ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തുകൊണ്ട് ഈശോയുടെ സന്നിധിയില്‍ ആയിരിക്കുവാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പാക്കിസ്ഥാനിലെ മുൾട്ടാൻ ബിഷപ്പ് ബെന്നി ട്രവാസ്. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന പേരിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ത്രിദിന ധ്യാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവുമായി അഭേദ്യമായ ബന്ധം പുലർത്തുവാനും അനുഭവവേദ്യമാകാനും ദിവ്യകാരുണ്യ ആരാധന ഉപകരിക്കുമെന്നും ദൈവവുമായി ആശയവിനിമയം നടത്തണമെന്നും അവിടുത്തെ ദൈവീക പദ്ധതി ശ്രവിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

യുവജനങ്ങളുടെ ആത്മീയ രൂപീകരണത്തിനു പ്രാധാന്യം നല്‍കി യേശു ക്രിസ്തുവിൽ വളരുന്നതിനു ആവശ്യമായ പരിശീലനം നല്കുകയാണ് സഭയുടെ ദൗത്യം. ആധുനിക കാലഘട്ടത്തിൽ യുവത്വം നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ആവശ്യമായ ആത്മീയ ഉണർവ് നല്കുവാൻ സഭ പരിശ്രമിക്കും. സഭാ കൂട്ടായ്മയിലെ സജീവ ഭാഗഭാഗിത്വം, വൈദികരുടേയും സന്യസ്തരുടേയും കൂടെയുള്ള പ്രവർത്തനം എന്നിവ യുവജനങ്ങളെ മാനുഷിക - ക്രൈസ്തവ മൂല്യങ്ങളിൽ രൂപപ്പെടുത്തുമെന്നും പാക്കിസ്ഥാൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആരാധനാക്രമ കമ്മീഷൻ അധ്യക്ഷൻ കൂടിയാണ് മോണ്‍. ട്രവാസ് വിലയിരുത്തി.

മുൾട്ടാൻ ധ്യാന ശുശ്രൂഷയിൽ പ്രാർത്ഥന, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, കൂട്ടായ പ്രവർത്തനങ്ങള്‍ എന്നിവയും നടന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനും വിശ്വാസത്തിൽ ആഴപ്പെടാനും ധ്യാനം ഉപകരിച്ചുവെന്നും കൂടുതൽ തീക്ഷ്ണതയോടെ ക്രിസ്തുവിനായി പ്രവർത്തിക്കുമെന്നും ത്രിദിന ധ്യാനത്തിൽ പങ്കെടുത്തവർ അനുഭവം പങ്കുവെച്ചു. മുൾട്ടാൻ യുവജനങ്ങളുടെ ആത്മീയ വളർച്ചയാണ് സഭയുടെ ലക്ഷ്യമെന്ന് മുൾട്ടാൻ യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ഇമ്രാൻ ബെഞ്ചമിൻ പറഞ്ഞു.

അതേസമയം പാക്കിസ്ഥാനിലെ കത്തോലിക്ക സഭ ഈ വര്‍ഷം ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുകയാണ്. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയം. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.


Related Articles »