India - 2024

കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ എട്ട് മുതല്‍

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ചേര്‍ത്തല: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ എട്ടു മുതല്‍ 12 വരെ കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കും.ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സ്‌കൂള്‍ മൈതാനിയില്‍ വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മറ്റ് അഞ്ച് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക സ്‌ക്രീന്‍ സ്ഥാപിക്കും.

ഇടവക അതിര്‍ത്തിയിലേയും സമീപ പ്രദേശങ്ങളിലേയും വീടുകളിലും മൈതാനങ്ങളിലുമായി പാര്‍ക്കിംഗിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന് മുന്നോടിയായി വിളംബര ജാഥ നടത്തി. ഗതാഗത തടസം ഒഴിവാക്കുന്നതിന് മൂന്നൂറോളം വോളന്റിയര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. രാത്രി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാളെ വൈകുന്നേരം 5.30 ന് ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി വടക്കേ അങ്ങാടി മൂലേപ്പള്ളി വഴി കണ്‍വെന്‍ഷന്‍ നഗറിലെത്തി സമാപിക്കും. അര്‍ത്തുങ്കല്‍, തങ്കി, പള്ളിപ്പുറം, ചേര്‍ത്തല എന്നീ ഫൊറോനകളില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമായി 30,000 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. കണ്‍വെന്‍ഷനോടനുബന്ധിച്ചള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍, ട്രസ്റ്റി ടി.കെ. തോമസ്, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സാജു തോമസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടോമി ഏബ്രഹാം എന്നിവര്‍ പറഞ്ഞു.


Related Articles »