India - 2024

സഭയുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 07-02-2018 - Wednesday

ബംഗളൂരു: ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്ന ആക്ഷേപം തെറ്റാണെന്നും സഭയുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ലായെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുവിശേഷവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്തുവിനെ അറിയിക്കുക, അവിടുത്തെ സുവിശേഷത്തിന്റെ മൂല്യങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ദീപിക പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വളരെയേറെ പുരോഗമിക്കുകയാണ്. പക്ഷേ സമൂഹത്തില്‍ പൊതുവായ ഒരു പുരോഗതിയുണ്ടാകണം. പാവപ്പെട്ടവരും പാര്‍പ്പിടമില്ലാത്തവരും സമൂഹത്തില്‍ സത്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും അനുഗ്രഹം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ അതു കൊടുക്കാനുള്ള ഒരു ഉത്തരവാദിത്വം സഭ കാണുന്നുണ്ട്. ക്രിസ്തു ചെയ്തത് അതാണ്.

എപ്പോഴും ജനങ്ങളോടൊപ്പമായിരുന്നു ക്രിസ്തു. അതുപോലെ ക്രൈസ്തവരും ജനങ്ങളോടൊപ്പം നിന്നുകൊണ്ട്, പാവപ്പെട്ടവരും ദരിദ്രരും ഭിന്നശേഷിക്കാരും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുമായ ആളുകളെ സമത്വത്തിലേക്കു കൊണ്ടുവരാനുള്ള പരിശ്രമം ക്രൈസ്തവസഭയുടെ ഉത്തരവാദിത്വമായി ക്രിസ്തുവില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ളതാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനത്തിന്റെ പരിശ്രമങ്ങളായി കണ്ടു ക്രൈസ്തവരെ വിമര്‍ശിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ മതങ്ങളും ഇവിടെ സൗഹാര്‍ദത്തോടുകൂടി കഴിയണം.

ക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവമാണ്. സുവിശേഷവത്കരണത്തിലൂടെ സ്‌നേഹവും കാരുണ്യവും ദയയും ക്ഷമയും പരസ്പര സ്‌നേഹവും കൂട്ടായ്മയും വര്‍ധിപ്പിക്കുമ്പോള്‍ സഭ ചെയ്യുന്നത് മാനവികതയുടെ സുവിശേഷവത്കരണമാണ്. സഭയുടെ ദൗത്യമാണ് ഈ സന്ദേശം ലോകത്തെ അറിയിക്കുക എന്നുള്ളത്. മതമൗലിക ചിന്താഗതിക്കാര്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്ന പ്രവൃത്തികള്‍ അടുത്ത കാലത്തു ധാരാളമായി സംഭവിക്കുന്നുണ്ട്. അത് ഒരിക്കലും ഭാരതസംസ്‌കാരത്തിനു യോജിച്ചതല്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.


Related Articles »