India

ദൈവവചനം ദുഃഖങ്ങളിലും ആശ്വാസം പകരുന്നു: ഫാ. ജയിംസ് കല്ലുങ്കല്‍

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

ചാലക്കുടി: ദൈവവചനം നമ്മുടെ ജീവിതത്തിലെ രോഗങ്ങളിലും പ്രശ്‌നങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം പകരുമെന്ന് വിന്‍സന്‍ഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലുങ്കല്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വചനം ഉത്കൃഷ്ടവും നിര്‍മലവുമായി ഹൃദയത്തില്‍ സംഗ്രഹിക്കണമെന്നും വചനം സ്വീകരിക്കപ്പെട്ടാല്‍ നല്ല ചിന്തകളായും നല്ല പ്രവൃത്തികളായും ഒരു വലിയ മാനസാന്തരം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. പോള്‍ പുതുവ, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. ജോണ്‍ കണിച്ചേരി, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍ വചനപ്രതിഷ്ഠ നടത്തി. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തി.

ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ആരാധനയോടെയാണ് ഇന്നലത്തെ കണ്‍വെന്‍ഷന്‍ അവസാനിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണം നടത്തും. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ദിവസേന ദിവ്യബലിയും സാക്ഷ്യങ്ങളും ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും.

ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ തുടങ്ങിയവരും കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും. അതേസമയം ദേശീയപാതയിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം കവലയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.




Related Articles »