India - 2024

മാര്‍പാപ്പയെ ക്ഷണിക്കാന്‍ കേന്ദ്രത്തിനോട് വീണ്ടും അഭ്യര്‍ത്ഥിക്കും: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 10-02-2018 - Saturday

ബംഗളൂരു: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ബംഗളൂരുവില്‍ സിബിസിഐ സമ്മേളത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദര്‍ശിക്കാന്‍ പാപ്പ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന രാജ്യത്തെ അസഹിഷ്ണുതകള്‍ മുറിപ്പെടുത്തുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

രാജ്യത്തിന്റെ വൈവിധ്യത്തിനു വെല്ലുവിളിയായ അസഹിഷ്ണുതകളെക്കുറിച്ച് സഭയ്ക്ക് ആശങ്കയുണ്ട്. രാജ്യത്ത് അസഹിഷ്ണുതയുടെ ഇരകള്‍ ക്രൈസ്തവര്‍ മാത്രമല്ലെന്നും എല്ലാ വിഭാഗങ്ങളിലുമുണ്ട്. വൈവിധ്യമെന്നതു സമ്പന്നമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷഗുണവും ഈ വൈവിധ്യമാണ്. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ഐക്യത്തിലാകുന്ന വൈവിധ്യം. ഇവിടെ പൂര്‍ണമായ ഭാരതീയനും പൂര്‍ണമായ ക്രൈസ്തവനുമാകാന്‍ കഴിയണം. ജനങ്ങള്‍ക്കു വിദ്യാഭ്യാസം നല്കുന്നതിനായി ഭരണകൂടങ്ങളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ സഭ ആഗ്രഹിക്കുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണു കൂടുതല്‍ ഊന്നല്‍ നല്കുന്നത്. ഇതു സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. ജയിലുകളിലെ ശുശ്രൂഷകളും ആദിവാസികള്‍ക്കും ദളിതര്‍ക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സഭ കാര്യക്ഷമമായി ചെയ്തുവരികയാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയോഡോര്‍ മസ്‌കരനാസ്, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആനന്ദജ്ഞാന സേവ്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »