India

സഹായ മെത്രാനായി ഡോ. ജയിംസ് റാഫേല്‍ ആനാപമ്പില്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 12-02-2018 - Monday

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് റാഫേല്‍ ആനാപമ്പില്‍ അഭിഷിക്തനായി. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമനും കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലും സഹകാര്‍മികരായിരിന്നു.

സ്വാഗത ഗാനത്തിന്റെയും ബാന്‍ഡ്‌മേളത്തിന്റെയും അകമ്പടിയോടെ ബസിലിക്കയ്ക്കുമുന്നിലെ ജംഗ്ഷനില്‍നിന്ന് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെയും നിയുക്ത മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പിലിനെയും ചടങ്ങിനെത്തിയ ബിഷപ്പുമാരെയും സ്വീകരിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വത്തിക്കാനില്‍നിന്നുള്ള പ്രതിനിധി മോണ്‍. ഹെന്‍ട്രി ജഗോസ് സിന്‍സ്‌ക്രി ലത്തീന്‍ ഭാഷയിലുള്ള ഡിക്രി വായിച്ചു. രൂപത ചാന്‍സലര്‍ റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ മലയാള പരിഭാഷയും വായിച്ചു.

സകലവിശുദ്ധരോടുമുള്ള പ്രാര്‍ത്ഥനയ്‌ക്കും കൈവയ്‌പ്‌ കര്‍മത്തിനും പ്രതിഷ്‌ഠ പ്രാര്‍ത്ഥനയ്‌ക്കും ശേഷം ഡോ. ജയിംസ്‌ റാഫേല്‍ ആനാപറമ്പിലിന്റെ തലയില്‍ ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ തൈലാഭിഷേകം നടത്തി.

സുവിശേഷ ഗ്രന്ഥവും മോതിരം, അംശമുടി, അംശവടി തുടങ്ങിയ അധികാരചിഹ്‌നങ്ങളും കൈമാറി. മൂന്നു മണിക്കൂറോളം നീണ്ട ചടങ്ങുകളുടെ സമാപനമായി മുപ്പതോളം ബിഷപ്പുമാര്‍ സമാധാനചുംബനം നടത്തി. പിന്നീട് നടന്ന അനുമോദന സമ്മേളനം സുപ്രീം കോടതി ജഡ്‌ജി കുര്യന്‍ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ബിഷപ്പ്ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ലാ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ ഡോ. ടി.എം. തോമസ്‌ ഐസക്‌, പി. തിലോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »