India - 2024

സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനെ കരുതുന്നു: മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ

സ്വന്തം ലേഖകന്‍ 14-02-2018 - Wednesday

മാരാമണ്‍: സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനെ കരുതുന്നവനാണെന്നും എന്നാല്‍ ദൈവത്തില്‍ നിന്ന് ഓടിയൊളിക്കുന്ന മനുഷ്യന്‍ പലപ്പോഴും കരുതല്‍ നഷ്ടമാക്കുകയാണെന്നും മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുകൂല സാഹചര്യങ്ങളില്‍ പാളിപ്പോകാതെയും പ്രതികൂലതകളുടെ മധ്യത്തില്‍ പതറിപ്പോകാതെയും സ്ഥിരമാനസമുള്ളവരായി ദൈവത്തെ അന്വേഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഏകാന്തമായ അനുഭവത്തെ ത്യജിക്കണം. മറ്റുള്ളവരെ കരുതാനുള്ള മനസ് ഉണ്ടാകണം. ഭയാനകമായ സാഹചര്യങ്ങളിലും കരുതലിന്റെ ശബ്ദം ദൈവം നമുക്കുവേണ്ടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസംഗിച്ചു. റവ.ഡോ.രാജ്കുമാര്‍ രാമചന്ദ്രനും രാത്രി യോഗത്തില്‍ ബിഷപ്പ് ഡോ.പീറ്റര്‍ ഡേവിഡ് ഈറ്റണും പ്രസംഗിച്ചു. കണ്‍വെന്‍ഷന്‍ 18നു സമാപിക്കും.


Related Articles »