Social Media

പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും

ഫാ. നോബിള്‍ തോമസ് പാറയ്ക്കൽ 14-02-2018 - Wednesday

ഇടവകദേവാലയത്തില്‍ ഒരു കല്ലറ കത്തോലിക്കാവിശ്വാസിയുടെ അവകാശമാണ്. അത് തികച്ചും സൗജന്യമായിത്തന്നെയാണ് എല്ലാ കത്തോലിക്കാദേവാലയങ്ങളിലും നല്കുന്നത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്. എങ്കിലും കൃത്യതയും ആധികാരികതയും തോന്നിപ്പിക്കുന്ന കണക്കുമായി വിശ്വാസികളെ ബോധവത്കരിക്കാന്‍ വേണ്ടിയെന്നോണം സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ചെറുകുറിപ്പിനെയാണ് ഈ എഴുത്ത് അഭിസംബോധന ചെയ്യുന്നത്.

"ഇടവക തലത്തിലുള്ള ഭൂമി കച്ചവടം" എന്ന തലക്കെട്ടില്‍ വന്ന ചെറുകുറിപ്പിലെ തമാശ കലര്‍ന്ന കണക്ക് ഇതാണ്: "നമ്മുടെ ഇടവകയിൽ കല്ലറ ഒന്നിന്ന് ശരാശരി പിരിക്കുന്നത് ഒരു ലക്ഷം രൂപ . കല്ലറക്ക് ആവശ്യം വെറും 15 sq.ft. ഭൂമി മാത്രം ( 6 അടി നീളം X 2.5 അടി വിതി ) - അതായത് ഒരു Sq ft ന് Rs 6,667 / - രൂപ. - ഇതു പ്രകാരം ഒരു cent ഭൂമി വില; ഒരു cent = 436 Sq.ft. ie, 436 X 6,667/- = 29, O6, 812 /- രൂപ - ചുരുക്കി പറഞ്ഞാൽ ഒരു എക്കർ ഭൂമി വില = 30 കോടി രൂപ ". (ആദ്യമേ പറയട്ടെ, ഇങ്ങനെ കണക്കിട്ടൊരു കച്ചവടം എവിടെയും നടക്കുന്നില്ല. എന്നാല്‍ കുടുംബക്കല്ലറകള്‍ക്ക് വലിയ തുകകള്‍ ഈടാക്കുന്ന ഇടവകകള്‍ ഒരുപക്ഷേ, കാണുമായിരിക്കാം. യാഥാര്‍ത്ഥ്യങ്ങള്‍ താഴെക്കൊടുക്കുന്നു).

മുകളില്‍ത്തന്നിരിക്കുന്ന കണക്കനുസരിച്ച് കത്തോലിക്കാദേവാലയങ്ങളുടെ സെമിത്തേരി അടിക്കണക്കിന് തിരിച്ച് വില്പനക്ക് വച്ചിരിക്കുകയാണെന്ന ധ്വനിയാണ് ലഭിക്കുക. എന്നാല്‍ ഒരു ഇടവകദേവാലയത്തിലും ഇടവകസെമിത്തേരിയില്‍ കല്ലറകള്‍ക്ക് പണം വാങ്ങാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണഗതിയില്‍ ഇടവകയിലെ സെമിത്തേരിയില്‍ ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ഒരേ അവകാശമാണുള്ളത്.

കല്ലറകള്‍ വരുന്നതിന് മുന്പ് കുഴികളെടുത്ത് മരിച്ചവരെ അടക്കിയിരുന്നപ്പോള്‍ യാതൊരുവിധ ചിലവുകളും മരിച്ചടക്കിന് ഉണ്ടായിരുന്നില്ല (കുഴിക്കാണം എന്ന പേരില്‍ വാങ്ങിയിരുന്ന ചെറിയ തുക കുഴിവെട്ടുകാരന്‍റെ ജീവനാംശമായിട്ടാണ് ചിലവഴിച്ചിരുന്നത്). എന്നാല്‍ കാലം മാറി കല്ലറകളുടെ ഉപയോഗം നിലവില്‍ വന്നപ്പോള്‍ കല്ലറകള്‍ നിര്‍മ്മിക്കുന്നതിന് പണം ആവശ്യമായി വന്നു. സാന്പത്തികശേഷി ഉള്ള ഇടവകദേവാലയങ്ങള്‍ സ്വയമായും അല്ലാത്തവ വിശ്വാസികളില്‍ നിന്ന് പിരിച്ചും കല്ലറകള്‍ നിര്‍മ്മിച്ചു. ഈ കല്ലറകളില്‍ അടക്കുന്നതിന് ഒരു ഇടവകദേവാലയത്തിലും വിശ്വാസികളില്‍ നിന്ന് പണം സ്വീകരിക്കുന്നില്ല.

പൊതുക്കല്ലറകള്‍: ‍

30 കല്ലറകള്‍ ഒരു ഇടവകസെമിത്തേരിയില്‍ ഉണ്ടെങ്കില്‍ ആദ്യം മരിക്കുന്നവരെ മുതല്‍ 30 പേരെ ക്രമാനുസൃതം ഈ കല്ലറകളില്‍ അടക്കുകയും 31-ാമത്തെ വ്യക്തി മരണമടയുന്പോള്‍ ആദ്യത്തെ കല്ലറ തുറന്ന് അസ്ഥികള്‍ നീക്കം ചെയ്ത് (അതിനായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക്) അവിടെ അടക്കുകയാണ് നിലവിലുള്ള രീതി. എല്ലാ കല്ലറകളും തീരുന്ന മുറക്കോ അല്ലെങ്കില്‍ ഒരു നിശ്ചിതകാലത്തിനു ശേഷമോ ആണ് ഒരാളെ അടക്കിയ കല്ലറയില്‍ മറ്റൊരാളെ അടക്കുന്നത്. ഇത്തരം കല്ലറകള്‍ക്ക് പൊതുക്കല്ലറകള്‍ എന്നാണ് പറയുക. പൊതുക്കല്ലറകള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഒരുവിശ്വാസിയും യാതൊരുവിധത്തിലുള്ള സംഭാവനയും പൊതുക്കല്ലറകള്‍ക്ക് നല്കേണ്ടതുമില്ല.

കുടുംബക്കല്ലറകള്‍: ‍

പൊതുക്കല്ലറകളില്‍ അടക്കം ചെയ്യുന്ന പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുന്നത് പലരിലും വൈകാരികമായ വിഷമം സൃഷ്ടിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബക്കല്ലറ എന്ന ആശയം രൂപപ്പെട്ടത്. ഒരു കുടുംബത്തിന് വേണ്ടി ഒരു കല്ലറ മാറ്റി വെക്കുന്നു. പള്ളിസെമിത്തേരിയില്‍ ഒരു കല്ലറയോ അതിനുള്ള സ്ഥലമോ ഒരു കുടുംബം പണംകൊടുത്ത് നിശ്ചിതവര്‍ഷത്തേക്ക് വാങ്ങുന്ന സംവിധാനമാണത്. ഇപ്രകാരം വാങ്ങുന്ന കല്ലറകളില്‍ ആ കുടുംബത്തില്‍പ്പെട്ടവരെ എല്ലാവരെയും മരണപ്പെടുന്ന മുറക്ക് അടക്കാന്‍ കഴിയും. മറ്റുള്ളവരെ അവിടെ അടക്കുകയില്ല.

കുടുംബാംഗങ്ങള്‍ക്ക് അതിന് സമീപത്ത് നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പ്രിയപ്പെട്ട കുടുംബാംങ്ങളെല്ലാവരും ഒരിടത്തുതന്നെ അന്തിയുറങ്ങുന്നു എന്ന സംതൃപ്തിയും ഇതിലുണ്ട്. ദൈവശാസ്ത്രപരമായി ഇത്തരം ചിന്തകള്‍ ന്യായീകരിക്കാനാവില്ലെങ്കിലും വൈകാരികബന്ധവും ആവശ്യങ്ങളും പരിഗണിച്ച് ഇത് അനുവദിക്കുന്നുവെന്നു മാത്രം.

കുടുംബക്കല്ലറകള്‍ക്ക് പണം വാങ്ങുന്നത് എന്തുകൊണ്ട്? ‍

കുടുംബക്കല്ലറകളും നിലനില്‍ക്കുന്നത് പള്ളിസെമിത്തേരിയുടെ അകത്ത് തന്നെയാണ്. അതായത് ഇടവകയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട സ്ഥലമാണ് ഒരു കുടുംബം മാത്രം സവിശേഷമാംവിധം കുറേയധികം വര്‍ഷക്കാലത്തേക്ക് (30-50 വര്‍ഷങ്ങള്‍) സ്വന്തമാക്കുന്നത്. ഒരു കുടുംബത്തിന് മാത്രമായി പള്ളിസെമിത്തേരിയില്‍ നിശ്ചിതസ്ഥലം മാറ്റിസൂക്ഷിക്കുന്നതിന് അവര്‍ നിശ്ചിതതുക നല്കണം എന്നത് മറ്റുള്ളവരുടെ ന്യായപൂര്‍വ്വകമായ ആവശ്യമായിരുന്നു. സെമിത്തേരിയുടെ തന്നെ നിര്‍മ്മാണത്തിനും നവീകരണത്തിനും വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നതും. മാത്രവുമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ സഭാത്മകവും ആത്മീയവുമായ ചിന്തയില്‍ ഇത്തരം കുടുംബക്കല്ലറകള്‍ അപ്രസക്തമാണ്. അന്ത്യവിധിയെക്കുറിച്ചുള്ള വിശ്വാസവും സഭാപഠനവും ഇത്തരം വൈകാരികനടപടിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. അതിനാല്‍ത്തന്നെ വിശ്വാസികളെ കുടുംബക്കല്ലറകള്‍ എന്ന സംവിധാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് പലപ്പോഴും ഉയര്‍ന്ന തുകകള്‍ അതിനായി നിശ്ചയിച്ചിരിക്കുന്നത്.

കുടുംബക്കല്ലറകളുടെ തുക നിശ്ചയിക്കുന്നത് ആരാണ്? : ‍

പള്ളിസെമിത്തേരിയുടെ സ്ഥലം ഭാഗംവച്ച് വിറ്റ് ആരൊക്കെയോ കോടികള്‍ സന്പാദിക്കുന്നുണ്ട് എന്ന വാദം ഇവിടെ പരാമര്‍ശവിധേയമാകുന്ന കുറിപ്പിലുണ്ട്. വിശ്വാസികള്‍ ഇതിനെതിരെ പ്രതികരിക്കണം എന്ന് പറയുന്പോള്‍ ഈ വിഷയത്തിലുള്ള എഴുത്തുകാരന്‍റെ അജ്ഞത വളരെയധികം പ്രകടമാകുന്നു. കാരണം പൊതുക്കല്ലറകള്‍ യാതൊരു തുകയും വാങ്ങാതെതന്നെ എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ സംലഭ്യമാക്കിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ഈ എഴുത്തുകാരന്‍ പരിഗണിക്കുന്നതേയില്ല. ഇടവകയിലെ ഏതാനും പേരുടെ മാത്രം താത്പര്യമായ കുടുംബക്കല്ലറക്ക് പണംവാങ്ങുന്നതിനെ വിമര്‍ശിക്കുന്പോഴും ഈ തുക നിശ്ചയിക്കുന്നത് ഇടവകയുടെ പൊതുയോഗമാണെന്നതും എഴുത്തുകാരന്‍റെ പരിഗണനയിലില്ല. യഥാര്‍ത്ഥത്തില്‍ ഇടവകപൊതുയോഗത്തിന്‍റെ തീരുമാനപ്രകാരം കുടുംബക്കല്ലറയുടെ ഏറ്റവും കുറഞ്ഞ തുക നിശ്ചയിക്കാന്‍ ഇടവകയുടെ പൊതുയോഗം മാത്രം തീരുമാനിച്ചാല്‍ മതി. വിശ്വാസികളുടെ കൈയ്യില്‍ത്തന്നെയാണ് ഈ തീരുമാനത്തിന്‍റെ താക്കോല്‍ ഇരിക്കുന്നതെന്ന് ചുരുക്കം.

ഇടവകതലത്തിലെ ഭൂമിക്കച്ചവടം: ‍

വാസ്തവിരുദ്ധവും അതിശയോക്തി നിറഞ്ഞതുമായ കണക്കുകള്‍ അവതരിപ്പിക്കുന്ന തികച്ചും യുക്തിരഹിതമായ ഒരു പോസ്റ്റാണിത്. അതേസമയം, ഒറ്റവായനയില്‍ സത്യമെന്നു തോന്നിപ്പിക്കുന്ന കുടില്യയുക്തി പിന്നില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇടവകയില്‍ വിശ്വാസികളുടെ പൊതുസ്വത്ത് ഒരു കുടുംബത്തിന് മാത്രമായി നല്കുന്നതിന് ഇടവകപൊതുയോഗം പണം ആവശ്യപ്പെടുന്നത് അതാത് ഇടവകകളുടെ കൂട്ടായ തീരുമാനമാണ്. അവര്‍ക്ക് അതാവശ്യമില്ലെങ്കില്‍ തീര്‍ച്ചയായും അതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് കൈക്കൊളളാനും കഴിയും.

സമാപനം: ‍

മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ നമ്മുടെ ഭൗതികശരീരങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കബറിടങ്ങള്‍ സഭ നമുക്ക് സൗജന്യമായി നല്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ക്ക് വേണ്ടപ്പോള്‍ ചിലവും ആനുപാതികമായി വര്‍ദ്ധിക്കും എന്നത് സാധാരണ ലോകക്രമമാണ്. മരണശേഷം എവിടെ എങ്ങനെ കിടക്കുന്നു എന്നതിലല്ല, മരിക്കുന്നതിന് മുന്പ് എവിടെ എങ്ങിനെ ജീവിച്ചു എന്നതായിരിക്കണം നമ്മുടെ പരിഗണനാവിഷയം. ദൈവവും കണക്കിലെടുക്കുന്നത് അത് മാത്രമാണ്.


Related Articles »