India - 2024

ഈശോയുടെ വഴിയെ ഇടറാതെ നീങ്ങുന്നവരാകണം ഇടയര്‍: മാര്‍ മാത്യു മൂലക്കാട്ട്

സ്വന്തം ലേഖകന്‍ 15-02-2018 - Thursday

കണ്ണൂര്‍: നല്ലിടയനായ ഈശോയുടെ വഴിയെ ഇടറാതെ നീങ്ങുന്നവരാകണം ഇടയരെന്നും അങ്ങനെയുള്ള നല്ല ഇടയന്മാരെയാണ് ലോകത്തിനാവശ്യമെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടന്ന കോട്ടയം അതിരൂപത വൈദികസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയന്മാരോടൊപ്പം വിശ്വാസിസമൂഹം ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ വളര്‍ച്ചയാണ് മലബാറില്‍ നാം കാണുന്നതെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി.

തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവജനത്തെ വളര്‍ത്താനും ശക്തിപ്പെടുത്താനും പരിശ്രമിച്ചു മലബാറില്‍ സേവനംചെയ്ത എല്ലാ വൈദികരെയും ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു. കോട്ടയം അതിരൂപതയില്‍പ്പെട്ട, കേരളത്തിലും വിദേശത്തും ശുശ്രൂഷചെയ്യുന്ന എല്ലാ വൈദികരും സംഗമത്തില്‍ പങ്കെടുക്കാനെത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതമാശംസിച്ചു. കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാറില്‍ നടത്തുന്ന കര്‍മപരിപാടികള്‍ ചടങ്ങില്‍ വിശദീകരിച്ചു. അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മോഡറേറ്ററായിരുന്നു.

പാനല്‍ ചര്‍ച്ചയില്‍ ഫാ. സുനില്‍ പാറയ്ക്കല്‍, ഫിലിപ്പ് വെട്ടിക്കുന്നേല്‍, ഡോ. ജോസ് ജോം വാക്കച്ചാലില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മലബാറില്‍ അനേകവര്‍ഷം ശുശ്രൂഷ ചെയ്ത ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. ജോര്‍ജ് കപ്പുകാലായില്‍, ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് സ്വാഗതവും ഫാ. തോമസ് ആനിമൂട്ടില്‍ നന്ദിയും പറഞ്ഞു. നൂറോളം വൈദികര്‍ സംഗമത്തില്‍ പങ്കെടുത്തു.


Related Articles »