India - 2024

ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്യുന്നത് മതേതരരാഷ്ട്രത്തിനു ഭൂഷണമല്ല: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

സ്വന്തം ലേഖകന്‍ 16-02-2018 - Friday

കൊച്ചി: ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും അനന്യതയും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതേതരരാഷ്ട്രത്തിനു ഭൂഷണമല്ലായെന്ന് സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കെസിബിസി ഐക്യജാഗ്രതാ, മീഡിയ കമ്മീഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രൂപതകളിലെ മാധ്യമ ഡയറക്ടര്‍മാരുടെയും പിആര്‍ഒമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍മിപ്പിച്ചു.

മതപരമായ അസഹിഷ്ണുതയും തീവ്രനിലപാടുകളും ആപത്താണ്. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സേവനങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. തെറ്റായ നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അനാഥമന്ദിരങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ട്. കൂടുതല്‍ മദ്യശാലകള്‍ തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയം കേരളീയ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഭരണനേതൃത്വങ്ങളിലുള്ളവര്‍ മതേതരത്വത്തിന്റെ മൂല്യങ്ങള്‍ വിസ്മരിക്കുന്നത് ആശങ്കാജനകമാണെന്നും ബിഷപ്പ് പറഞ്ഞു.

ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അധ്യക്ഷ പദവി വഹിച്ചു. എഴുത്ത് മാസിക മാനേജിംഗ് എഡിറ്റര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, തിരുവനന്തപുരം അതിരൂപത മീഡിയ ഡയറക്ടര്‍ ഫാ. ദീപക് ആന്റോ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കോതമംഗലം രൂപത പിആര്‍ റൈജു വര്‍ഗീസ്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.


Related Articles »