India - 2024

വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനു കൊടിയേറി

സ്വന്തം ലേഖകന്‍ 18-02-2018 - Sunday

കൊച്ചി: യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷത്തിനും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനും തുടക്കം കുറിച്ച് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനുസമീപം തയാറാക്കിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന് കൊടിയേറിയത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്നും ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയില്‍നിന്നു തുടക്കംകുറിച്ച പതാക ഘോഷയാത്രയും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെ സമ്മേളന നഗറിലെത്തിച്ചേരുകയായിരുന്നു. തുടര്‍ന്നാണ് പതാക ഉയര്‍ത്തിയത്.

ചടങ്ങില്‍ എപ്പിസ്‌കോപ്പന്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനീയൂസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്താതിയോസ് മെത്രാപ്പോലീത്ത തുടങ്ങീ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഇന്ന് വൈകുന്നേരം നാലിനാണ് സമ്മേളനത്തിന് തുടക്കമാകുക. മൈതാനത്തിന്റെ കവാടത്തില്‍നിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും. സമ്മേളനത്തില്‍ മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായിരിക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവായുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കും. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും കൈകള്‍ ചേര്‍ത്തുപിടിച്ചു വിശ്വാസപ്രതിജ്ഞ ചൊല്ലും.

പാത്രിയര്‍ക്കീസിന്റെ പ്രതിനിധികളായി ആര്‍ച്ച്ബിഷപ് മോര്‍ ജോര്‍ജ് ഖൂറി, മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ പങ്കെടുക്കും.സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്. പന്തലില്‍ രണ്ടായിരത്തോളം കസേരകള്‍ ക്രമീകരിച്ചിട്ടുണ്ട്. 80 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേജാണ് തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളില്‍നിന്നായി രണ്ടായിരത്തോളം ബസുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.


Related Articles »