India - 2024

മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ അസംബ്ലി അടുത്ത വര്‍ഷം

സ്വന്തം ലേഖകന്‍ 24-02-2018 - Saturday

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ അസംബ്ലി 2019ല്‍ നടത്താന്‍ ഇന്നലെ സമാപിച്ച സഭയുടെ എപ്പിസ്‌കോപ്പല്‍ സൂനഹദോസില്‍ തീരുമാനമായി. 'കുടുംബങ്ങളുടെ സഭാത്മകമായ കെട്ടുറപ്പും വിശുദ്ധീകരണവും' എന്നതാണ് അസംബ്ലിയുടെ പൊതുപഠനവിഷയം. ഈ വിഷയം അവലോകന വിധേയമാക്കി മാര്‍ഗരേഖ തയാറാക്കും. ഇതിന്റെ പ്രാഥമിക പഠനരേഖ തയാറാക്കുന്നതിന് ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ് അധ്യക്ഷനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസമായി നടന്ന എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഉദ്ഘാടനം ചെയ്തത്. പുതുതായി പണിത സൂനഹദോസ് കമ്മീഷന്‍ ഓഫീസുകളുടെ ആശീര്‍വാദം കാതോലിക്കാബാവ നിര്‍വഹിച്ചു.

ദിവംഗതനായ ബിഷപ് തോമസ് മാര്‍ ദിയസ്‌കോറസിനെ അനുസ്മരിച്ച് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് വചനപ്രഘോഷണം നടത്തി. സൂനഹദോസില്‍ സിഎസ്‌ഐ മോഡറേറ്ററായ റവ. തോമസ് കെ. ഉമ്മനെയും രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മാര്‍ത്തോമാസഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സൂനഹദോസില്‍ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ കബറിടത്തിൽ അർപ്പിച്ച ധൂപപ്രാർത്ഥനയോടു കൂടിയാണ് സൂനഹദോസ് സമാപിച്ചത്.


Related Articles »